ജിദ്ദ – ഊര്‍ജ, പെട്രോകെമിക്കല്‍ മേഖലയിലെ ലോകത്തെ മുന്‍നിര സംയോജിത കമ്പനികളില്‍ ഒന്നായ സൗദി അറാംകൊയും കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശക്കു കീഴിലെ സ്റ്റാര്‍ട്ടപ്പ് ആയ സൗദി ലിഥിയം ഇന്‍ഫിനിറ്റി കമ്പനിയും (ലിഹൈടെക്) എണ്ണക്കിണര്‍ വെള്ളത്തില്‍ നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ സഹകരിക്കുന്നു. സൗദിയില്‍ ഡയറക്ട് ലിഥിയം എക്‌സ്ട്രാക്ഷന്‍ (ഡി.എല്‍.ഇ) സാങ്കേതികവിദ്യ വികസനം ത്വരിതപ്പെടുത്താനാണ് ഇരു കമ്പനികളും സഹകരിക്കുന്നത്. വിഷന്‍ 2030 അനുസരിച്ച് രാജ്യത്ത് ഇലക്ട്രിക് വാഹന സംരംഭങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യമായ ലിഥിയത്തിന്റെ വര്‍ധിച്ചുവരുന്ന ഡിമാന്റിനെ പിന്തുണക്കാന്‍ ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.
കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയിലെ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കില്‍ ലിഥിയം വേര്‍തിരിച്ചെടുക്കല്‍ സാങ്കേതികവിദ്യ വിലയിരുത്തുന്നതിന് ലിഹൈടെക്കിന് സൗദി അറാംകൊ എണ്ണപ്പാടങ്ങളില്‍ നിന്നുള്ള വെള്ളം നല്‍കി. മൂല്യനിര്‍ണയ ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം പുതിയ സാങ്കേതികവിദ്യ ഫീല്‍ഡ് സ്റ്റേജിലേക്ക് മാറ്റാനും അതില്‍ നിന്ന് പ്രയോജനം നേടാനുമാണ് പദ്ധതി.
ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള നൂതന സാങ്കേതികവിദ്യ സൗദി അറേബ്യക്ക് നല്‍കലാണ് ലിഹൈടെക്കിന്റെ ദൗത്യമെന്ന് കമ്പനിയിലെ സ്ട്രാറ്റജി, വാണിജ്യകാര്യ വിഭാഗം മേധാവി ഈഹാബ് അസ്അദ് അബ്ബാസ് പറഞ്ഞു. ഇതിലൂടെ രാജ്യത്തെ ലിഥിയം വിഭവങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ സൗദി അറേബ്യക്ക് കഴിയും. സൗദി അറാംകൊ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരാണ്.
എണ്ണപ്പാടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കന്ന ജലം രാജ്യത്തിന്റെ ലിഥിയം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കുന്ന ഒരു മികച്ച ഉറവിടമാണ്. ഞങ്ങളുടെ പൈലറ്റ് പ്രൊഡക്ഷന്‍ പ്ലാന്റിന്റെ ഫലങ്ങള്‍ പ്രോത്സാഹജനകമാണ്. സൗദി അറാംകൊയുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി ഈ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കാനും സൗദിയിലെ വിവിധ ജലസ്രോതസ്സുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മെച്ചപ്പെടുത്താനുമുള്ള ഞങ്ങളുടെ കഴിവില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഈഹാബ് അസ്അദ് അബ്ബാസ് പറഞ്ഞു. എണ്ണക്കിണര്‍ ജലത്തില്‍ നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള ഈ സഹകരണം സുസ്ഥിര വിഭവസമാഹരണ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് പുതിയ ധാതുവ്യവസായത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലൂടെ സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.