ജിദ്ദ – ഭക്ഷ്യ, ഭക്ഷ്യേതര സ്ഥാപനങ്ങളുടെ ഹോം ഡെലിവറി സേവനങ്ങൾക്ക് പെർമിറ്റ് നിർബന്ധമാക്കാൻ മുനിസിപ്പാലിറ്റി, പാർപ്പിടകാര്യ മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിനു കീഴിലെ ബലദീ പ്ലാറ്റ്‌ഫോം വഴി ഹോം ഡെലിവറി പെർമിറ്റ് ലഭ്യമാക്കും. 2025 ജൂലൈ 1 മുതൽ ഈ പെർമിറ്റ് നിർബന്ധമാകും. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിയമലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും നഗരസഭകൾ ഫീൽഡ് പരിശോധനകൾ നടത്തും. സ്ഥാപന ഉടമകൾക്ക് ബലദീ പ്ലാറ്റ്‌ഫോം വഴി പെർമിറ്റ് എളുപ്പത്തിൽ നേടാം.
ജീവിതനിലവാരം ഉയർത്താനും ഡെലിവറി മേഖലയിൽ സുരക്ഷയും നിയമപാലനവും ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നിയമം. നഗരങ്ങളിലെ ഡെലിവറി പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാനും, സ്ഥാപനങ്ങൾ ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുന്ന സുരക്ഷിതവും ഫലപ്രദവുമായ അന്തരീക്ഷം സൃഷ്ടിക്കാനും ഈ സേവനം ലക്ഷ്യമിടുന്നു.
ഹോം ഡെലിവറി സേവന തൊഴിലാളികൾ ഹെൽത്ത് സർട്ടിഫിക്കറ്റ് നേടണം, വാണിജ്യ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന വകുപ്പിൽ നിന്ന് ഡെലിവറി സേവനത്തിനുള്ള അനുമതി വാങ്ങണം, ഗതാഗത സംവിധാനങ്ങളിൽ സ്ഥാപനത്തിന്റെ പേര് അല്ലെങ്കിൽ വ്യാപാരമുദ്ര വ്യക്തമായി പ്രദർശിപ്പിക്കണം, ഉൽപ്പന്നങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇവയാണ് പെർമിറ്റിനുള്ള പ്രധാന വ്യവസ്ഥകൾ.
സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സേവന മേഖലയുടെ വികാസത്തിനും വിശ്വസനീയവും സുരക്ഷിതവുമായ ഡെലിവറി സേവനങ്ങൾ ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഹോം ഡെലിവറി പെർമിറ്റ് നിർബന്ധമാക്കുന്നത്.