മക്ക – വിശുദ്ധ റമദാനില്‍ മക്കയില്‍ ഹറമിലേക്കുള്ള ബസ് ഷട്ടില്‍ സര്‍വീസുകള്‍ 6.4 കോടിയിലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി മക്ക റോയല്‍ കമ്മീഷന്‍ അറിയിച്ചു. റമദാന്‍ ഒന്നു മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ബസുകള്‍ 15 ലക്ഷം ഷട്ടില്‍ സര്‍വീസുകളാണ് നടത്തിയത്. ഏഴ് സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ നിന്ന് 2,600 ബസുകള്‍ ഷട്ടില്‍ സര്‍വീസിന് ഉപയോഗിക്കുന്നു. റമദാനിലെ തിരക്കേറിയ സമയങ്ങളില്‍ സ്റ്റേഷനുകളില്‍ ശരാശരി കാത്തിരിപ്പ് സമയം 60 മിനിറ്റില്‍ താഴെയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റമദാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 21 ശതമാനം കുറവാണിത്.
മക്ക ബസ് പദ്ധതി 85,000 ട്രിപ്പുകളിലായി 22 ലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗപ്പെടുത്തി. ഇതേ കാലയളവില്‍ മക്ക ടാക്‌സികള്‍ 51,000 ലേറെ സര്‍വീസുകളാണ് നടത്തിയത്. മക്കയിലെ മീഖാത്ത് മസ്ജിദുകളില്‍ 40 ലക്ഷത്തിലേറെ സന്ദര്‍ശകരെത്തി. മക്കയിലെ 14 ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങള്‍ 15,000 ലേറെ പേര്‍ സന്ദര്‍ശിച്ചു. നമസ്‌കാര നിരകളുടെ വിപുലീകരണം എന്ന് പേരിട്ട പദ്ധതി വഴി ഹറമിന് ചുറ്റുമുള്ള നമസ്‌കാര സ്ഥലങ്ങളെ കൂടുതല്‍ വിശ്വാസികളെ ഉള്‍ക്കൊള്ളാനായി സജീവമാക്കി. റമദാന്‍ മാസത്തില്‍ ഇത്തരത്തില്‍ പെട്ട നാല് നമസ്‌കാര സ്ഥലങ്ങളിലായി ആകെ എട്ടര ലക്ഷത്തിലേറെ വിശ്വാസികളെ സ്വീകരിച്ചതായും മക്ക റോയല്‍ കമ്മീഷന്‍ അറിയിച്ചു. റമദാന്‍ ഒന്നു മുതല്‍ 28 വരെയുള്ള കാലയളവില്‍ ഹറമിലേക്കുള്ള റോഡുകളിലൂടെ 27.9 ലക്ഷത്തിലധികം വാഹനങ്ങള്‍ സഞ്ചരിച്ചതായി റോഡ്‌സ് ജനറല്‍ അതോറിറ്റി വ്യക്തമാക്കി.
ഈ കാലയളവില്‍ ഹറമിലേക്കുള്ള റോഡുകളില്‍ ശരാശരി പ്രതിദിന വാഹന ഗതാഗതം 1,06,000 വാഹനങ്ങളായിരുന്നു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിച്ചത് റമദാന്‍ 16 നാണ്. അന്ന് ഹറമിലേക്കുള്ള റോഡുകളില്‍ 1,26,000 വാഹനങ്ങള്‍ സഞ്ചരിച്ചു. ഹറമിലേക്കുള്ള റോഡുകളില്‍ തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന ബസുകളും ടാക്‌സികളും മാത്രമാണ് കടത്തിവിടുന്നത്. തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ മക്കയിലെ പാര്‍ക്കിംഗുകളിലേക്ക് തിരിച്ചുവിടുകയാണ് പതിവ്. പാര്‍ക്കിംഗുകളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും ബസ് ഷട്ടില്‍ സര്‍വീസുകളുണ്ട്.



