മക്ക – ഹജ് പെര്‍മിറ്റ് ഇല്ലാത്ത വനിതകള്‍ അടക്കം 43 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സൗദി പൗരനും ഈജിപ്തുകാരനുമാണ് അറസ്റ്റിലായത്. ചരക്ക് ലോഡ് കയറ്റിയ ട്രെയിലറിലുണ്ടാക്കിയ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് നിയമ ലംഘകരെ സംഘം മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ചവര്‍ക്കും ഇവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചവര്‍ക്കുമെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
ഹജ് നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും, നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു.



