മദീന: വിശുദ്ധ റമദാനിലെ ആദ്യത്തെ പതിനഞ്ചു ദിവസത്തിനിടെ 1.4 കോടിയിലേറെ വിശ്വാസികള്‍ മസ്ജിദുബന്നവിയില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇക്കാലയയളവില്‍ 12,17,143 പേര്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലി. റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ 2,23,742 പുരുഷന്മാര്‍ക്കും 1,55,630 വനിതകള്‍ക്കും പെര്‍മിറ്റ് നല്‍കി.
പതിനഞ്ചു ദിവസത്തിനിടെ മസ്ജിദുന്നബവിയില്‍ 45 ലക്ഷത്തിലേറെ പൊതി ഇഫ്താര്‍ വിതരണം ചെയ്തു. 3,650 ടണ്‍ സംസം വെള്ളം ഉപയോഗിച്ചു. സംസം വെള്ളത്തിന്റെ 422 സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറിയില്‍ പരിശോധിച്ചു. പ്രവാചക പള്ളിയിലെ ക്ലീനിംഗ് ജോലികള്‍ക്ക് 81,000 ലേറെ ലിറ്റര്‍ അണുനാശിനികള്‍ ഉപയോഗിച്ചു. മസ്ജിദുന്നബവി എക്സിബിഷനും മ്യൂസിയവും 81,000 ലേറെ പേര്‍ സന്ദര്‍ശിച്ചു. പ്രവാചക പള്ളി ലൈബ്രറി 51,000 ലേറെ പേര്‍ പ്രയോജനപ്പെടുത്തി. 84,000 ലേറെ പേര്‍ മതപഠന ക്ലാസുകളില്‍ പങ്കെടുത്തു.
രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങള്‍ ഉപകാരപ്പെട്ടു. സൗജന്യ വീല്‍ചെയര്‍ സേവനം 20,000 ലേറെ പേര്‍ പ്രയോജനപ്പെടുത്തി. പ്രായമായവര്‍ക്ക് അര ലക്ഷം കസേരകള്‍ ഒരുക്കിയിട്ടുണ്ട്. മസ്ജിദുന്നബവി പാര്‍ക്കിംഗുകളിലെ ഒക്യുപെന്‍സി നിരക്ക് 95 ശതമാനമായി. സ്ഥലങ്ങളെ കുറിച്ച അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്ന സേവനം 47,761 പേരും മതപരമായ കാര്യങ്ങളെ കുറിച്ച അന്വേഷണങ്ങള്‍ക്ക് മറുപടിയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന സേവനം 45,000 ലേറെ പേരും പ്രയോജനപ്പെടുത്തി. വ്യത്യസ്ത ഭാഷകളിലുള്ള ഫീല്‍ഡ് ആശയവിനിമയ സേവനം 22,000 ലേറെ പേര്‍ ഉപയോഗപ്പെടുത്തി.
മസ്ജിദുന്നബവിക്കകത്തെ നമസ്‌കാര സ്ഥലങ്ങള്‍ 93 ശതമാനവും മുറ്റങ്ങളിലെ നമസ്‌കാര സ്ഥലങ്ങള്‍ 80 ശതമാനത്തിലേറെയും ടെറസ്സിലെ നമസ്‌കാര സ്ഥലങ്ങള്‍ 33 ശതമാനവും നിറഞ്ഞു. റമദാനിലെ ആദ്യ പകുതിയില്‍ പ്രവാചക പള്ളിയില്‍ 22,589 വളണ്ടിയര്‍മാര്‍ സന്നദ്ധസേവനങ്ങള്‍ നടത്തി. മസ്ജിദുന്നബവി വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമിടയില്‍ ആറു ലക്ഷത്തോളം ഉപഹാരങ്ങള്‍ വിതരണം ചെയ്തതായും ഹറംകാര്യ വകുപ്പ് അറിയിച്ചു.