ജിദ്ദ: ഗാസ യുദ്ധത്തില്‍ സൈനികമോ തന്ത്രപരമോ ആയ ലക്ഷ്യങ്ങളില്‍ ഒന്നുപോലും കൈവരിക്കാന്‍ ഇസ്രായിലിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഹമാസ് പൊളിറ്റിക്കല്‍ ഓഫീസ് മേധാവി ഇസ്മായില്‍ ഹനിയ്യ പറഞ്ഞു. ഇറാനില്‍ സന്ദര്‍ശനം നടത്തിവരുന്ന ഇസ്മായില്‍ ഹനിയ്യ ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാനുമായി ചര്‍ച്ച നടത്തിയ ശേഷം തെഹ്‌റാനില്‍ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. യുദ്ധത്തില്‍ ഗാസ ഭയാനകമായ വില നല്‍കി. എന്നാല്‍ സൈനികമോ തന്ത്രപരമോ ആയ ലക്ഷ്യങ്ങളൊന്നും കൈവരിക്കാന്‍ ഇസ്രായിലിന് കഴിഞ്ഞില്ല. പശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ഇസ്രായിലിന് നഷ്ടപ്പെട്ടു. ഇപ്പോള്‍ അഭൂതപൂര്‍വമായ രാഷ്ട്രീയ ഒറ്റപ്പെടലിലാണ് ഇസ്രായില്‍ കഴിയുന്നത്. കൂടാതെ, അമേരിക്കക്ക് അതിന്റെ ഇച്ഛാശക്തി അന്താരാഷ്ട്ര സമൂഹത്തിനു മേല്‍ അടിച്ചേല്‍പിക്കാന്‍ സാധിക്കുന്നില്ല.
സയണിസ്റ്റ് രാഷ്ട്രവുമായുള്ള യുദ്ധത്തില്‍ ചരിത്രപരവും നിര്‍ണായകവുമായ ഘട്ടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. യു.എന്‍ രക്ഷാ സമിതി അംഗീകരിച്ച വെടിനിര്‍ത്തല്‍ പ്രമേയം ഇസ്രായില്‍ അനുഭവിക്കുന്ന അഭൂതപൂര്‍വമായ ഒറ്റപ്പെടലിനെ സൂചിപ്പിക്കുന്നതായും ഇസ്മായില്‍ ഹനിയ്യ പറഞ്ഞു.
ഹമാസ് നേതാവിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ഇറാന്‍ വിദേശ മന്ത്രി പത്രസമ്മേളനത്തില്‍ ഒരുവാക്കു പോലും ഉരിയാടാതിരുന്നത് കൗതുകമായി. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശകലനം ചെയ്യാന്‍ ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ഉന്നതതല ഹമാസ് സംഘത്തിന് നേതൃത്വം നല്‍കിയാണ് ഇസ്മായില്‍ ഹനിയ്യ തെഹ്‌റാനിലെത്തിയത്.