റിയാദ്: സൗദി അറേബ്യയിൽ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2030ഓടെ അഞ്ചു ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള മൊത്തം ജനസംഖ്യയുടെ ആറു ശതമാനമായിരുന്നു 2018ലെ തൊഴിലില്ലായ്മ നിരക്ക്. ഇത് ഇപ്പോൾ 3.3 ശതമാനമാക്കി കുറയ്ക്കാൻ കഴിഞ്ഞു. 2018ല്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു. ഇതിപ്പോൾ 7.1 ശതമാനമായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ നേട്ടത്തിനായി ലക്ഷ്യമിട്ടിരുന്ന സമയപരിധി 2030 ആയിരുന്നു. എന്നാൽ ഇതിനും ആറു വർഷം മുമ്പ് തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ പുതിയ ലക്ഷ്യം നിർണയിക്കാൻ കിരീടാവകാശി നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2030ഓടെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനമാക്കി കുറയ്ക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.
വിവിധ മേഖലകളിൽ മികച്ച മുന്നേറ്റം
എന്‍ജിനീയറിംഗ്, ഫാര്‍മസി, റേഡിയോളജി ടെക്‌നീഷ്യന്‍ തുടങ്ങിയ തൊഴില്‍ മേഖലകളിൽ പ്രത്യേക സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയതിലൂടെ മൂന്നു ലക്ഷം സൗദികള്‍ക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞു. തൊഴിൽ വിപണി പരിഷ്കരിക്കുന്നതിന് വിഭാവനം ചെയ്ത വിവിധ പദ്ധതികളിൽ 84 ശതമാനവും കഴിഞ്ഞ നാലു വർഷത്തിനിടെ നടപ്പിലാക്കി. ഇപ്പോള്‍ ഈ പദ്ധതികൾ വീണ്ടും പരിഷ്കരിക്കുകയാണ്. സൗദിയെ ആഗോള തലത്തിൽ മികച്ച തൊഴില്‍ വിപണികളുടെ നിരയിലേക്ക് ഉയർത്തുന്ന വളരെ പ്രതീക്ഷ നൽകുന്ന മികച്ച വിപണി തന്ത്രം തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷന്‍ 2030ന്റെ ഭാഗമായ 11 പദ്ധതികളിൽ എട്ടെണ്ണവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ വകുപ്പുകളുമായി ബന്ധപ്പെട്ടവയാണ്.
രാജ്യത്ത് വനിതകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 35 ശതമാനമായി ഉയര്‍ന്നു. 2030ഓടെ ഇത് 30 ശതമാനമാക്കി ഉയർത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ നേട്ടം കൈവരിക്കാന്‍ സ്വകാര്യ മേഖലയിലെ പങ്കാളികളാണ് സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം 24 ലക്ഷമായിട്ടുണ്ട്. 2018ല്‍ ഇത് ഏകദേശം 17 ലക്ഷമായിരുന്നു.
വിഷന്‍ 2030 തുടക്കം മുതൽ ഇതുവരെ 1,20,000 സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ ശാക്തീകരിച്ചു. സര്‍ക്കാര്‍ പിന്തുണയെ ആശ്രയിക്കുന്നതിനു പകരം അവര്‍ ശാക്തീകരിക്കപ്പെടുകയും സമ്പദ് വ്യസ്ഥക്ക് സംഭാവന നല്‍കുന്നവരായി മാറുകയും ചെയ്തു. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏഴു ‘തംകീന്‍’ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്ന ജീവിതച്ചെലവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വദേശികളെ പിന്തുണക്കുന്ന സിറ്റിസണ്‍ അക്കൗണ്ട് വഴി ഗുണഭോക്താക്കള്‍ക്ക് ഈ വർഷം 4,100 കോടി റിയാല്‍ വിതരണം ചെയ്തു.
തൊഴില്‍ പരിശീലന മേഖലയിലും വലിയ പുരോഗതി കൈവരിച്ചു. സ്വകാര്യ മേഖലയുമായി സഹകരിച്ച് 10.3 ദശലക്ഷം പരിശീലന അവസരങ്ങള്‍ ലഭ്യമാക്കി. 2030ഓടെ സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം പത്തു ലക്ഷമായി ഉയര്‍ത്തുക എന്നതായിരുന്നു വിഷന്‍ 2030 ലക്ഷ്യങ്ങളിൽ മറ്റൊന്ന്. ഈ ലക്ഷ്യം ഈ വർഷം തന്നെെ കൈവരിക്കും. ഈ പദ്ധതി സൗദി ജനതക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനത്തോടുള്ള ആഭിമുഖ്യം പ്രകടമാക്കുന്നതാണ്. 2030ല്‍ സന്നദ്ധപ്രവർത്തകരുടെ എണ്ണം 15 ലക്ഷമാക്കി ഉയർത്തുകയാണ് പുതിയ ലക്ഷ്യമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു.