ജിദ്ദ – സൗദിയിലെ പ്രവാസികള്‍ നവംബര്‍ മാസത്തില്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് 1,260 കോടി റിയാല്‍ അയച്ചതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 2024 നവംബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറില്‍ വിദേശികള്‍ അയച്ച പണം അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ചു. 2024 നവംബറില്‍ 1,203 കോടി റിയാലാണ് നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സൗദി പ്രവാസികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. എന്നാല്‍ 2025 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് നവംബറില്‍ വിദേശികളുടെ പണമയക്കല്‍ എട്ടു ശതമാനം തോതില്‍ കുറഞ്ഞു. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ വിദേശികളുടെ റെമിറ്റന്‍സില്‍ 104 കോടി റിയാലിന്റെ കുറവുണ്ടായി.
നവംബറില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാര്‍ വിദേശങ്ങളിലേക്ക് അയച്ച പണം 480 കോടി റിയാലായി കുറഞ്ഞു. 2024 നവംബറിനെ അപേക്ഷിച്ച് 22 ശതമാനം കുറവാണിത്. നവംബറിലേത് 21 മാസത്തിനിടയില്‍ സ്വദേശികള്‍ വിദേശത്തേക്ക് അയച്ച ഏറ്റവും കുറഞ്ഞ തുകയാണ്.



