ജിദ്ദ- ആഗോള വിപണികളിലേക്ക് തടസ്സങ്ങളേതുമില്ലാതെ എണ്ണ കയറ്റുമതി ഉറപ്പാക്കുന്നതിന് പുതിയ വഴികൾ കണ്ടെത്താൻ സൗദി അറാംകൊ പഠനങ്ങൾ നടത്തുന്നതായി കമ്പനി സി.ഇ.ഒ എൻജിനീയർ അമീൻ അൽനാസർ വ്യക്തമാക്കി. ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത നിറവേറ്റാനുള്ള പ്രവർത്തന വഴക്കവും ലോജിസ്റ്റിക്കൽ ശേഷികളും കമ്പനിക്കുണ്ട്. ആഗോള വിപണികളിലേക്ക് തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന്, കൂടുതൽ കയറ്റുമതി മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുകയും രാജ്യത്തിന് പുറത്ത് സംഭരണ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉപഭോക്തൃ ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റാൻ അറാംകൊക്ക് നിരവധി ഓപ്ഷനുകൾ ഉണ്ട്.
നിലവിലെ പ്രാദേശിക സംഘർഷങ്ങൾ കാരണം ആഗോള ഊർജ മേഖല നേരിടുന്ന വെല്ലുവിളികൾക്കിടയിലും, കമ്പനി സാധാരണ നിലക്ക് വിപണികളിൽ എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. കൂടുതൽ കയറ്റുമതി മാർഗങ്ങൾ സ്ഥാപിക്കാനുള്ള സാധ്യതാ, എൻജിനീയറിംഗ് പഠനങ്ങൾ കമ്പനി നിലവിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അറാംകൊക്ക് നിലവിൽ മൂന്ന് പ്രധാന എണ്ണ കയറ്റുമതി മാർഗങ്ങളുണ്ട്. വിതരണ ശൃംഖലയുടെ വഴക്കം വർധിപ്പിക്കാനും ഷിപ്പിംഗ് പാതകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായി നാലാമത്തെയും അഞ്ചാമത്തെയും കയറ്റുമതി റൂട്ട് വികസിപ്പിക്കാനുള്ള സാധ്യത പഠിക്കുകയാണ്.
കിഴക്ക്- പടിഞ്ഞാറ് പൈപ്പ്‌ലൈൻ പദ്ധതിയിൽ ഒരു പൈപ്പ്ലൈൻ മാത്രമല്ല ഉള്ളത്. മറിച്ച് അസംസ്‌കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നീക്കം ചെയ്യുന്നതിൽ ഗണ്യമായ വഴക്കം നൽകുന്ന പൈപ്പ്‌ലൈനുകളുടെ ഒരു ശൃംഖല അടങ്ങിയതാണിത്. വിപുലമായ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന വൈദഗ്ധ്യവും കാരണം കമ്പനിക്ക് ഗുരുതരമായ തടസ്സങ്ങൾ നേരിടാനും കൈകാര്യം ചെയ്യാനും ശേഷിയുണ്ട്. വിദേശ രാജ്യങ്ങളിൽ സംഭരണ ശേഷി വികസിപ്പിക്കാനുള്ള അവസരങ്ങളും അറാംകൊ വിലയിരുത്തുന്നുണ്ട്. ഇത് ആഗോള ആവശ്യം നിറവേറ്റാനും വിവിധ സാഹചര്യങ്ങളിൽ വിശ്വസനീയമായ നിലക്ക് എണ്ണ വിതരണങ്ങൾ നിലനിർത്താനുമുള്ള കഴിവ് വർധിപ്പിക്കും.
കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാവുന്ന ഏതൊരു തടസ്സവും ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാൻ അറാംകൊക്ക് കഴിയും. നിലവിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ബദൽ എണ്ണ കയറ്റുമതി ഓപ്ഷനുകൾ കമ്പനി ഗൗരവമായി പരിഗണിക്കുന്നുണ്ട്. വിതരണ തടസ്സങ്ങൾ ഏറെ വലുതാണ്. ഇത് പരിമിതമല്ല. ആഗോള ഊർജ സാഹചര്യം കൂടുതൽ സമ്മർദ്ദങ്ങൾ നേരിടേണ്ടിവരും. ഇത് ആഗോള ഊർജ വിപണികൾ നേരിടുന്ന വെല്ലുവിളികളെ കൂടുതൽ വഷളാക്കുമെന്നും ഉപഭോക്തൃ വിപണികളിലേക്കുള്ള സ്ഥിരവും വിശ്വസനീയവുമായ എണ്ണ പ്രവാഹം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വർധിപ്പിക്കുമെന്നും എൻജിനീയർ അമീൻ അൽനാസർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







