മദീന – സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍ഉലയില്‍ ഇലക്ട്രിക് ട്രാം പദ്ധതി നടപ്പാക്കുന്നു. നിലവില്‍ പദ്ധതിയുടെ അടിസ്ഥാന സൗകര്യ രൂപകല്‍പ്പന അടക്കമുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. അല്‍ഉല എയര്‍പോര്‍ട്ടിനെ വിനോദസഞ്ചാര മേഖലകളുമായി ബന്ധിപ്പിക്കുന്ന ട്രാം പദ്ധതിക്ക് 600 കോടി റിയാല്‍ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ഉല റോയല്‍ കമ്മീഷന്‍ വികസന, നിര്‍മ്മാണ ഡയറക്ടര്‍ ഡോ. ലുഅയ് അയ്യാശ് പറഞ്ഞു. സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാമായി മാറുന്ന പദ്ധതിയുടെ ചെലവ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഭാവി പദ്ധതി ചെലവുകള്‍ക്കും അനുസരിച്ച് വര്‍ധിച്ചേക്കുമെന്ന് ജിദ്ദയില്‍ നടക്കുന്ന റോഡ്സ്, ബ്രിഡ്ജസ്, ടണല്‍സ് കോണ്‍ഫറന്‍സിനിടെ ലുഅയ് അയ്യാശ് വിശദീകരിച്ചു.


അല്‍ഉല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാനായി പുതിയ ടെര്‍മിനലുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പഠനത്തിലാണ്. അല്‍ഉലയില്‍ അന്താരാഷ്ട്ര കുതിരസവാരി പരിപാടികള്‍ നടക്കുന്ന കാര്യം കണക്കിലെടുത്ത് അല്‍ഉല വിമാനത്താവളത്തില്‍ കുതിരകളെ കൊണ്ടുപോകാനായി പ്രത്യേക ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.
അല്‍ഉലയിലേക്ക് വൈദ്യുതി എത്തിക്കാന്‍ വൈദ്യുതി ട്രാന്‍സ്മിഷന്‍, കണ്‍വേര്‍ഷന്‍ നിലയങ്ങള്‍ സ്ഥാപിക്കാനായി സൗദി ഇലക്ട്രിസിറ്റി കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അല്‍വജ്, ഉംലുജ്, ദിബാ എന്നിവിടങ്ങളിലെ വൈദ്യുതി നിലയങ്ങളില്‍ നിന്ന് അല്‍ഉലയിലേക്കുള്ള വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകളും നാല് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനുകളും ഉള്‍പ്പെടെ ഏകദേശം 15 പദ്ധതികളാണ് നടപ്പാക്കുന്നത്. വികസനവും വരാനിരിക്കുന്ന നിക്ഷേപ പദ്ധതികളും ഉള്‍പ്പെടെ അല്‍ഉലയില്‍ നിലവില്‍ നടക്കുന്ന വിപുലീകരണം കണക്കിലെടുത്തുള്ള വൈദ്യുതി ആവശ്യം നിറവേറ്റാനും പരിഹരിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആകെ 800 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്.
അല്‍ഉലയില്‍ തന്ത്രപരമായ ജലസംഭരണ പദ്ധതികളും നടപ്പാക്കുന്നുണ്ട്. അല്‍ഉലയിലെ പദ്ധതികളുടെ വികാസം കണക്കിലെടുത്ത്, തന്ത്രപരമായ ജലസംഭരണികള്‍ സ്ഥാപിക്കാനും പൗരന്മാര്‍ക്ക് ജലലഭ്യതയും സേവനങ്ങളും നിലനിര്‍ത്താനുമുള്ള നിരവധി പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കിണറുകള്‍ വികസിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. ശുദ്ധീകരിച്ച സമുദ്രജലം അല്‍ഉലയില്‍ എത്തിക്കാനും പദ്ധതികളുണ്ട്. ഈ പദ്ധതികള്‍ക്ക് ആകെ 300 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. വരും ഘട്ടങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ പ്രതീക്ഷിക്കുന്നതായും ലുഅയ് അയ്യാശ് പറഞ്ഞു.



