റിയാദ് -ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ബീജിംഗ് ഉടമ്പടിയിലൂടെ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ലഭിച്ച അവസരം ഇറാൻ പാഴാക്കിയതായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. ഇറാനിലെ സൗദി എംബസിക്കും കോൺസുലേറ്റുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് വർഷങ്ങളോളം നിലച്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനാണ് ഈ കരാറിലൂടെ ലക്ഷ്യമിട്ടിരുന്നത്. മേഖലയുടെ സുസ്ഥിരത മുൻനിർത്തി സൗഹൃദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കരങ്ങളാണ് സൗദി അറേബ്യ ഇറാനുനേരെ നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള ബന്ധത്തിൽ പുതിയൊരു അധ്യായം തുറക്കാൻ സൗദി അറേബ്യ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും, വികസനത്തിനും സഹകരണത്തിനും താൽപ്പര്യമുള്ള ഒരു രാജ്യത്തിന്റെ മനോഭാവത്തോടെയല്ല ഇറാൻ ഈ അവസരത്തെ സമീപിച്ചത്. മറിച്ച്, ഏറ്റുമുട്ടലിന്റെയും സംഘർഷത്തിന്റെയും പാത തുടരാനാണ് ഇറാൻ താൽപ്പര്യപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ബീജിംഗ് കരാർ മേഖലയിൽ കൂടുതൽ സമാധാനപരമായ അന്തരീക്ഷം കൊണ്ടുവരുമെന്ന് സൗദി പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ഇറാൻ ഭരണകൂടത്തിൻ്റെ മുൻഗണന രാജ്യം കെട്ടിപ്പടുക്കുന്നതിലല്ലെന്ന് അവരുടെ നിലപാടുകൾ തെളിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിനും പിരിമുറുക്കങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമാണ് ഇറാൻ മുൻഗണന നൽകുന്നത്. സമാധാനത്തിനായുള്ള ശ്രമങ്ങളെ ഇറാൻ അവഗണിച്ചതായും സൗദി വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.



