റിയാദ് – റിയാദിലെ ഇറാൻ എംബസിയിലെ മിലിട്ടറി അറ്റാഷെ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി. മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ, മറ്റ് മൂന്ന് എംബസി ജീവനക്കാർ എന്നിവരെയാണ് ‘അനഭിമതരായി’ (Persona non grata) പ്രഖ്യാപിച്ചത്. ഇവർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. സൗദിയുടെ പരമാധികാരത്തെയും സാമ്പത്തിക താൽപ്പര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളാണ് ഈ കടുത്ത നടപടിക്ക് കാരണമായത്.
അന്താരാഷ്ട്ര കൺവെൻഷനുകൾ, അയൽപക്ക മര്യാദകൾ, ബീജിംഗ് കരാർ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയം 2817 (2026) എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സൗദി കുറ്റപ്പെടുത്തി. ഇറാൻ ഉയർത്തിപ്പിടിക്കുന്ന ഇസ്ലാമിക സാഹോദര്യവും മൂല്യങ്ങളും വെറും വാക്കുകൾ മാത്രമാണെന്നും അവരുടെ പ്രവൃത്തികൾ ഇതിന് വിരുദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നയതന്ത്ര മിഷനുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ഇറാൻ ലക്ഷ്യം വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സൗദി വ്യക്തമാക്കി.
അമേരിക്കയും ഇസ്രായിലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം, ഇറാൻ തങ്ങളുടെ ആക്രമണങ്ങൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ തിരിച്ചുവിട്ടിരിക്കുകയാണ്. കണക്കുകൾ പ്രകാരം ഇറാന്റെ ആക്രമണങ്ങളിൽ 80 ശതമാനത്തിലധികവും ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. ഇസ്രായിലിനെതിരെ ഏകദേശം 15 ശതമാനം ആക്രമണങ്ങൾ മാത്രമാണ് ഇറാൻ നടത്തിയത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ഏകദേശം 4,911 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചപ്പോൾ, ഇസ്രായിലിനെ ലക്ഷ്യം വെച്ചത് 805 എണ്ണം മാത്രമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗൾഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ഈ നീക്കങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സൗദി അറേബ്യ മടിക്കില്ലെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. സ്വന്തം വ്യോമാതിർത്തിയും ആസ്തികളും സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സൗദി കൂട്ടിച്ചേർത്തു.



