ജിദ്ദ – ഗാസയിലെ കൂട്ടക്കുരുതിയും പട്ടിണിയും അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാ സമിതി അടിയന്തിര തീരുമാനങ്ങള്‍ എടുക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രായിലിന്റെ ക്രിമിനല്‍ സമീപനം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍, ഗാസയിലേക്കുള്ള ഇസ്രായിലി അധിനിവേശ സേനയുടെ കടന്നുകയറ്റത്തെയും ഫലസ്തീന്‍ ജനതക്കെതിരായ അവരുടെ തുടര്‍ച്ചയായ കുറ്റകൃത്യങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു.
ഗാസ മുനമ്പിനും ഗാസ നിവാസികള്‍ക്കുമെതിരെ തുടരുന്ന രക്തരൂക്ഷിതമായ ഇസ്രായിലി സമീപനത്തിന്റെ അപകടത്തെ കുറിച്ച് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പിലെ നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കുകയും എല്ലാത്തരം വംശഹത്യയും നിര്‍ബന്ധിത കുടിയിറക്കലും ഉടനടി അവസാനിപ്പിക്കണം. ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രായിലി കൂട്ടക്കൊല, പട്ടിണി, കുടിയൊഴിപ്പിക്കല്‍ എന്നിവ തടയാന്‍ രക്ഷാ സമിതിയിലെ സ്ഥിരം അംഗങ്ങള്‍ അടിയന്തര തീരുമാനങ്ങള്‍ എടുക്കണമെന്നും ഇസ്രായിലിനെതിരെ ബന്ധപ്പെട്ട എല്ലാ യു.എന്‍ പ്രമേയങ്ങളും ശക്തമായി നടപ്പാക്കണമെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.