ബുറൈദ – സൗദിയിൽ അല്‍റസ് ആശുപത്രിയില്‍ നിന്ന് യുവാവിന്റെ മൃതദേഹത്തിനു പകരം ബാലികയുടേത് മറവു ചെയ്തതില്‍ അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ അടിയന്തര സമിതി രൂപീകരിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഭാവിയില്‍ ഇത്തരം കേസുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുന്ന നിലക്ക്, വീഴ്ചകള്‍ വരുത്തിയ കക്ഷികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണം. രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് നടപടിക്രമങ്ങളിലും കൃത്യതയുടെയും ഉത്തരവാദിത്തത്തിന്റെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പ്രയോഗിക്കണമെന്നും ഗവര്‍ണര്‍ കര്‍ശന നിര്‍ദേശം നല്‍കി.
12 വയസ്സുള്ള വികലാംഗയായ സീലയുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്ന് മറ്റൊരു യുവാവിന്റെ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. അവര്‍ ബാലികയുടെ മയ്യിത്ത് മറവു ചെയ്യുകയായിരുന്നു. അല്‍ഖസീം പ്രവിശ്യ സമഗ്ര പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അല്‍റസ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും കഴിഞ്ഞ ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. ആശുപത്രിയില്‍ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി, ഞായറാഴ്ച ഉച്ചക്ക് ശേഷം മയ്യിത്ത് മറവു ചെയ്യാന്‍, മയ്യിത്ത് പരിപാലന കേന്ദ്രവുമായി ഏകോപനം നടത്തി കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് മൃതദേഹം ശനിയാഴ്ച അവരുടെ അറിവില്ലാതെ തെറ്റായി മറവു ചെയ്തതായി കുടുംബത്തിന് മനസ്സിലായത്.
മൃതദേഹം പരിശോധിക്കാന്‍ മയ്യിത്ത് പരിപാലന കേന്ദ്രത്തില്‍ പ്രവേശിച്ച കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ ഇളയ മകളുടെ മൃതദേഹമല്ല, 19 വയസ്സുള്ള യുവാവിന്റെ മൃതദേഹമാണ് കാണാനായത്. സാധാരണയായി മുതിര്‍ന്നവര്‍ക്കായി നീക്കിവെച്ച ഖബറിലാണ് മകളെ മറവു ചെയ്തതെന്നും കുടുംബത്തിന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ബാലികയുടെ പിതാവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രാലയവും പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. മൃതദേഹം മാറിനല്‍കിയതിന്റെ ഉത്തരവാദിത്തം അല്‍റസ് ആശുപത്രിക്കാണെന്ന് മയ്യിത്ത് പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റാഹില്‍ സൊസൈറ്റി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം മയ്യിത്ത് പരിപാലന കേന്ദ്രത്തിനാണെന്നും മയ്യിത്ത് മാറിയ സംഭവം അറിഞ്ഞയുടന്‍ തന്നെ മയ്യിത്ത് പരിപാലന കേന്ദ്രം സംഭവം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കേണ്ടിയിരുന്നെന്നും മറ്റു വൃത്തങ്ങള്‍ പറഞ്ഞു.