ജിദ്ദ– ഐവറി-ഗോള്‍ഡ് സാരിയില്‍ സിന്ദൂരം ചാര്‍ത്തിയാണ് അവരെത്തിയത്. തികച്ചും ഇന്ത്യനായി. ‘ഉംറാവു ജാനാ’യി തന്നെ അവരെ തോന്നിച്ചു. ഇന്ത്യയിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായ ഭാനുരേഖ ഗണേശന് എന്ന രേഖയ്ക്ക് ജിദ്ദ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത് മികച്ച ആദരം. അഭിനയ മേഖലയ്ക്ക് അവര്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ച് റെഡ് സീ ഓണറി അവാര്‍ഡ് നടിക്ക് കൈമാറുമ്പോള്‍ സദസ്സ് ആഹ്ലാദാതിരേകത്താല്‍ നിറഞ്ഞകൈയ്യടി നല്കി. റെഡ് സീ ഫിലിം ഫൗണ്ടേഷന് സിഇഒ ഫൈസല്‍ ബാല്ത്യുര്, ഇന്റര്‍നാഷണല്‍ പ്രോഗ്രാമുകളുടെ ഡയറക്ടര്‍ ഫിയോണുവാല ഹാലിഗന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം കൈമാറിയത്. ഉംറാവു ജാന്‍ പ്രദര്‍ശിപ്പിച്ച വേദിയില്‍ സംവിധായകന് മുസഫര്‍ അലിയുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി. 1981-ലെ ഇന്ത്യന്‍ ക്ലാസിക് സിനിമയായ ഉംറാവു ജാന്റെ ഫോര്‍കെ പതിപ്പിന്റെ അന്താരാഷ്ട്ര പ്രീമിയര്‍ കൂടിയായിരുന്നു ഇന്നലെ അരങ്ങേറിയത്. ഫെസ്റ്റിവലിന്റെ ട്രഷേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി നടന്നതാണ് പ്രദര്‍ശനം.
പല രാജ്യങ്ങളില്‍ നിന്നുള്ള പല തരം സിനിമകളാല്‍ സമ്പന്നമായ ജിദ്ദ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഇന്നലെ രാത്രി രേഖയും മുസഫര്‍ അലിയുമെത്തിയപ്പോള് സെല്‍ഫിയെടുക്കാനും കുശലം പറയാനും ജനം ആവേശപൂര്‍വ്വം മത്സരിക്കുന്നത് കാണാമായിരുന്നു.
”ഞാന്‍ അധികം സംസാരിക്കുന്ന ആളല്ല… ഉംറാവു ജാനിലും അങ്ങിനെ തന്നെയാണ്. കാണുന്നതിന്റെ പകുതി പോലും പറയാറില്ല.” -എളിമയോടെ അവര്‍ വ്യക്തമാക്കി. ”ദില്‍ ചീസ് ക്യാ ഹേ ആപ് മേരി ജാന്‍ ലിജിയേ..ബസ് ഏക് ബാര്‍ മേരാ കഹാ മാന്‍ ലീജിയേ.. ദില്‍ ചീസ് ക്യാ ഹേ ആപ് മേരി ജാന്‍ ലീജിയേ” അതിനിടെ ഉംറാവു ജാനിലെ ഈ വരികള്‍ രേഖ പാടിയപ്പോള്‍ സദസ്സ് ഏറ്റുപാടി.
1981-ല്‍ പ്രമുഖ ബോളിവുഡ് ചലച്ചിത്രപ്രവര്ത്തകന് മുസഫര്‍ അലി സംവിധാനം ചെയ്ത പ്രശസ്ത ഇന്ത്യന്‍ സിനിമയാണ് ‘ഉംറാവു ജാന്‍’. രേഖയാണ് ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിര്‍സ ഹാദി റുസ്വയുടെ 1899-ലെ ഉറുദു നോവലായ ഉംറാവു ജാന്‍ അദയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ലഖ്നൗവിലെ കലാസൂക്ഷിപ്പുകാരിയും കവയിത്രിയുമായ ഒരു വനിതയുടെ ജീവിത കഥയും അവരുടെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ചയും പ്രണയവും വിവാഹവുമെല്ലാം പറയുന്ന സിനിമയാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ആവേശത്തോടെ എതിരേറ്റ സിനിമയാണ് ഉംറാവു ജാന്‍ എന്ന് ഇന്നലെ റെഡ്സീ അന്തര്‍ദേശീയ ചലച്ചിത്രമേളയിലെ പ്രദര്‍ശനവും തെളിയിച്ചു. ഇന്ത്യക്കകത്തും പുറത്തും നിരവധി അംഗീകാരങ്ങള്‍ നേടിയ സിനിമ ഇന്ത്യന്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടിയായി രേഖ തെരെഞ്ഞെടുക്കപ്പെട്ട സിനിമയാണ്. മികച്ച സംവിധായകനായി മുസഫര്‍ അലിയും മികച്ച സംഗീത സംവിധായകനായി ഖയ്യാമും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 3 ഫിലിംഫെയര്‍ ഉള്‍പ്പെടെ നിരവധി മറ്റ് പുരസ്കാരങ്ങളും ഈ സിനിമ നേടി.



