ദോഹ- ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗങ്ങളെ ലക്ഷ്യമാക്കി ഖത്തറിലെ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ചര്‍ച്ച ചെയ്യുന്നതിനായി യു.എന്‍. സുരക്ഷാ കൗണ്‍സില്‍ അടിയന്തരയോഗം നാളെ (വ്യാഴാഴ്ച). ഇന്ന് ചേരാനിരുന്ന യോഗമാണ് ദോഹയുടെ ആഭ്യര്‍ത്ഥനയെത്തുടര്‍ന്ന് നാളേക്ക് മാറ്റിയത്. നേരത്തെ അല്‍ജീരിയയും പാക്കിസ്ഥാനും നല്‍കിയ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് യോഗം വിളിച്ചത്. ഖത്തര്‍ പ്രാധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹിമാന്‍ ബിന്‍ ജാസിം അല്‍താനി യോഗത്തില്‍ സംബന്ധിക്കും.
ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണം അടിയന്തിരമായി ചര്‍ച്ച ചെയ്യാനായി അടിയന്തര ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ യോഗം ദോഹയുടെ അഭ്യര്‍ത്ഥനപ്രകാരം നാളത്തേക്ക് മാറ്റിവച്ചതായി ദക്ഷിണ കൊറിയന്‍ റൊട്ടേഷന്‍ കൗണ്‍സില്‍ അറിയിച്ചു. ”ഖത്തര്‍ പ്രധാനമന്ത്രിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാണ് മാറ്റിയത്. ‘മിഡില്‍ ഈസ്റ്റിലെ സ്ഥിതി’യെക്കുറിച്ചുള്ള ഇന്നത്തെ അടിയന്തര ബ്രീഫിംഗ് സുരക്ഷാ കൗണ്‍സില്‍ നാളെ (വ്യാഴാഴ്ച) ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റിവച്ചു,” ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഖത്തര്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുമോ എന്ന് വ്യക്തമല്ലെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തറിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല. അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ വ്യക്തമായ ലംഘനമാണിത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഇസ്രായേല്‍ തന്നെയായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തിനുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഖത്തര്‍ അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ അമേരിക്ക നീതിയുക്തമായ സമീപനം കൈക്കൊള്ളുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അമീര്‍ വ്യക്തമാക്കി.
അതിനിടെ സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കുന്ന ഒരു രാജ്യത്തിന് നേരെ അപ്രതീക്ഷിതമായി ആക്രമണം നടത്തിയത് ഗുരുതര ക്രിമിനല്‍ കുറ്റമാണെന്ന് ലോക രാഷ്ട്രങ്ങള്‍. ഗാസയില്‍ സമാധാനം അടിയന്തിരമായി പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും രാജ്യ സുരക്ഷയെ അട്ടിമറിക്കുന്ന നടപടിയാണ് ഉണ്ടായതെന്നും ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചു വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ‘നഗ്‌നമായ ലംഘനം’ എന്നാണ് ഖത്തറിലേക്കുള്ള വ്യോമാക്രമണങ്ങളെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. ഗാസ യുദ്ധത്തിലെ എല്ലാ കക്ഷികളും ഒരു സ്ഥിരമായ വെടിനിര്‍ത്തലിനു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ആ സാധ്യതകളെ നശിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക,യുകെ, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഓസ്‌ട്രേലിയ, തുര്‍ക്കി, പാക്കിസ്ഥാന്‍, ലെബനാന്‍, ജോര്‍ദ്ദാന്‍, ഇറാഖ്, ഇറാന്‍, ഫലസ്തീന്‍, യെമന്‍(ഹൂതി ഗ്രൂപ്പ്), മാലദ്വീപ്, മൊറോക്കോ, സിറിയ, മലേഷ്യ, സ്വീഡന്‍, ഈജിപ്ത്, സുഡാന്‍, അ്ള്‍ജീരിയ, മൗറിത്താനിയ, കസാക്കിസ്ഥാന്‍ തുടങ്ങിയ ലോക രാഷ്ട്രങ്ങള്‍ക്ക് പുറമെ സഊദിഅറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയന്‍, ജിസിസി കൗണ്‍സില്‍ എന്നീ സമിതികളും ഇസ്രായില്‍ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി.
ഈ ക്രിമിനല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും, ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ വ്യക്തമാക്കി. ഖത്തറിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സമാധാന ശ്രമങ്ങള്‍ തുടരുമ്പോള്‍ അത് തകിടം മറിക്കുന്ന നിലപാടാണ് ദോഹയിലെ ഇസ്രായേല്‍ ആക്രമണം തെളിയിക്കുന്നതെന്ന് യു എ ഇയും പറഞ്ഞു. അതീവ അപകടകരവും ക്രിമിനല്‍ നടപടിയുമാണിതെന്നും ഖത്തറിന്റെ ദേശീയ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതയ്ക്കും എതിരായ കടന്നുകയറ്റമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഖായി വിശദീകരിച്ചു. ഇസ്രായേല്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ആക്രമണം തെളിയിക്കുന്നതെന്ന് തുര്‍ക്കി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഖത്തര്‍ അമീര്‍ ശൈഖ് ് ഹമദ് ബിന്‍ അല്‍ത്താനിയെ ടെലിഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ‘നയതന്ത്ര ശ്രമങ്ങള്‍ക്ക്’ ആക്രമണം തടസമാണെന്ന് ജപ്പാന്‍ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി പറഞ്ഞു. ഖത്തറിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ പരമാധികാര ലംഘനമാണെന്ന് ഓസ്ട്രേലിയ കുറ്റപ്പെടുത്തി.
ഗസയില്‍ സമാധാന കരാറിലെത്താനുള്ള ശ്രമങ്ങളെ ഈ ആക്രമണങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് പ്രസ്താവനയില്‍ പറഞ്ഞു. നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനവുമാണെന്ന് മലേഷ്യ കുറ്റപ്പെടുത്തി.
ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സ്വീഡന്‍ വിദേശകാര്യ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാര്‍ഡ് പറഞ്ഞു.