ദോഹ : ഖത്തറിൽ ഇന്നലെ ഉണ്ടായ വാഹന അപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടുപേർ മരണപ്പെട്ടു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശി ചോലയിൽ രഹനാസാണ് (43) മരണപ്പെട്ട മലയാളി. ഒരു നേപ്പാൾ സ്വദേശിയും അപകടത്തിൽ മരണപ്പെട്ടു. മണ്ഡൽ സകൽ ദേവാണ് മരണപ്പെട്ട നേപ്പാൾ സ്വദേശി. കൂടെയുണ്ടായിരുന്ന മറ്റൊരു നേപ്പാൾ സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇവർ സഞ്ചരിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായത്.
ഖത്തറിലെ സ്റ്റാർ വാൾട്ട് കമ്പനിയിൽ ജീവനക്കാരായിരുന്ന ഇവർ സാധനങ്ങൾ ഡെലിവറിക്കായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വരട്ടിയോടൻ അബ്ദുൽ വഹിദിന്റെയും ചോലയിൽ ഖദീജയുടെയും മകനാണ് മരണപ്പെട്ട രഹ്നാസ്. ഭാര്യ ശരീഫ. മക്കൾ : മിന്‍സ ഫാത്തിമ (13) സൈനുൽ ഹാഫിസ് (9) സാഖിഫ് ഐമൻ (2). ഹമദ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാൻ നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.