ദോഹ- ദോഹയിലെ കത്താറയിൽ ഇസ്രായിൽ സൈന്യം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കിംവദന്തികൾക്ക് വഴങ്ങുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുത്. എല്ലാ പൊതുജനങ്ങളും അവരുടെ സാമൂഹിക ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണം. ഔദ്യോഗിക ഉറവിടങ്ങൾ പുറത്തുവിടാത്ത വിവരങ്ങൾ പങ്കിടരുത്. വിവരങ്ങളുടെ കൃത്യത പരിശോധിക്കാൻ അംഗീകൃത ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കുക.
ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, ആഭ്യന്തര മന്ത്രാലയം സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജീവിതത്തിന്റെ സാധാരണ നില നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് പൂർണ്ണമായും തയ്യാറാണെന്നും പ്രസ്താവന ഓർമ്മിപ്പിക്കുന്നു.
ഇസ്രായേൽ ക്രിമിനൽ നടപടികൾ തുടരുകയാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഖത്തറിനെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായിലിന്റെ ക്രൂരമായ ആക്രമണം സഹോദര രാഷ്ട്രമായ ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഇസ്രായേൽ അധിനിവേശം അതിന്റെ ക്രിമിനൽ നടപടികൾ തുടരുകയാണ്. ഇത് എല്ലാ അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി.
അതിനിടെ, ഖത്തറിലെ ഹമാസ് നേതാക്കളെ ആക്രമിക്കാന്‍ ട്രംപ് ഇസ്രായിലിന് പച്ചക്കൊടി കാണിച്ചതായി മുതിര്‍ന്ന ഇസ്രായിലി ഉദ്യോഗസ്ഥന്‍ ഇസ്രായിലിലെ ചാനല്‍ 12 നോട് പറഞ്ഞു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ദോഹയില്‍ ഹമാസ് നേതാക്കള്‍ തമ്പടിച്ച സ്ഥലങ്ങള്‍ക്കു നേരെ ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ 12 മിസൈലുകള്‍ പ്രയോഗിച്ചു. 1997 ല്‍ ജോര്‍ദാനില്‍ വെച്ച് ഇസ്രായില്‍ വധിക്കാന്‍ ശ്രമിച്ച മുതിര്‍ന്ന ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍, ഇസ്രായില്‍ ദോഹയില്‍ ലക്ഷ്യമിട്ട നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് പറഞ്ഞു.