ദോഹ– 2025 പകുതിയോടെ ഡാറ്റാബേസ് എന്‍സൈക്ലോപീഡിയ നംബിയോ പുറത്തിറക്കിയ ആരോഗ്യ സംരക്ഷണ സൂചികയില്‍ അറബ് ലോകം, മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ ഖത്തര്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ പതിനെട്ടാം സ്ഥാനവും കരസ്ഥമാക്കിയെന്ന് ദേശീയ ആസൂത്രണ കമ്മിറ്റി അറിയിച്ചു. മൂന്നാം ദേശീയ വികസന തന്ത്രവുമായി യോജിച്ച് നടപ്പിലാക്കിയ മാറ്റങ്ങളിലൂടെയും ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും പുതിയ മാര്‍ഗങ്ങളിലൂടെയും രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയുടെ നിലവാരം ഉയര്‍ത്തിയെന്നാണ് ആഗോളതലത്തില്‍ നേടിയ 18ാം സ്ഥാനം സൂചിപ്പിക്കുന്നത്.
ആരോഗ്യ പരിപാലന സൂചികയില്‍ 73.5 പോയിന്റും ആരോഗ്യ സംരക്ഷണ ചെലവ് സൂചികയില്‍ 133.8 പോയിന്റ് നേടിയാണ് ഖത്തര്‍ 18ാം സ്ഥാനം കരസ്ഥമാക്കിയത്. യു.എ.ഇ 30ാം സ്ഥാനത്തും ഒമാന്‍-52, സൗദി അറേബ്യ-55, കുവൈത്ത്-67 എന്നീ സ്ഥാനങ്ങള്‍ പിന്തുടര്‍ന്നു. തായ്വാന്‍, സൗത്ത് കൊറിയ, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ആരോഗ്യ സൂചിക പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. രാജ്യത്ത ആരോഗ്യ സേവന മേഖലയില്‍ ഉയര്‍ന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കുമെന്നും ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും രോഗികളുടെ സുരക്ഷാ ഉറപ്പാക്കുന്നതിനും കഠിന പരിശ്രമം നടത്തുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.