ദോഹ – ഖത്തറില്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉത്തരവിട്ടു. സൗദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഹസന്‍ ബിന്‍ അലി അല്‍ഥാനിയെ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യങ്ങള്‍ക്കുള്ള സഹമന്ത്രിയായും നിയമിച്ചു. സാമൂഹിക വികസന, കുടുംബകാര്യ മന്ത്രിയായി ബുഥൈന ബിന്‍ത് അലി അല്‍ജബര്‍ അല്‍നുഅയ്മിയെ നിയമിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ലുലുവ ബിന്‍ത് റാശിദ് ബിന്‍ മുഹമ്മദ് അല്‍ഖാത്തിർ, ആരോഗ്യ മന്ത്രിയായി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സഅദ് ആലുമഹ്മൂദ്, വാണിജ്യ, വ്യവസായ മന്ത്രിയായി ശൈഖ് ഫൈസല്‍ ബിന്‍ ഥാനി ബിന്‍ ഫൈസല്‍ അല്‍ഥാനി, കമ്മ്യൂണിക്കേഷന്‍സ് മന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ഥാനി എന്നിവരെയും നിയമിച്ചു. അമീരി കോര്‍ട്ട് പ്രസിഡന്റ് ആയി അബ്ദുല്ല ബിന്‍ മുബാറക് അല്‍ഖുലൈഫിയെയും അമീര്‍ നിയമിച്ചിട്ടുണ്ട്.
ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അതിയ്യയുടെ പിന്‍ഗാമിയായാണ് ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി സൗദ് അല്‍ഥാനിയെ നിയമിച്ചത്. സൗദ് അല്‍ഥാനി 2020 മുതല്‍ അമീരി കോര്‍ട്ട് പ്രസിഡന്റ് പദവി വഹിച്ചുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് അബ്ദുല്ല അല്‍ഖുലൈഫിയെ അമീരി കോര്‍ട്ട് പ്രസിഡന്റ് ആയി നിയമിച്ചത്.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബുഥൈന അല്‍നുഅയ്മിയെ സാമൂഹിക വികസന, കുടുംബകാര്യ മന്ത്രിയായി നിയമിച്ച് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ലുലുവ അല്‍ഖാത്തിറിനെ നിയമിക്കുകയായിരുന്നു. ഡോ. ഹനാന്‍ ബിന്‍ത് മുഹമ്മദ് അല്‍കവാരിക്കു പകരമാണ് ആരോഗ്യ മന്ത്രിയായി മന്‍സൂര്‍ ആലുമഹ്മൂദിനെ നിയമിച്ചത്. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ഥാനിയുടെ പിന്‍ഗാമിയായാണ് വാണിജ്യ, വ്യവസായ മന്ത്രിയായി ഫൈസല്‍ അല്‍ഥാനിയെയും ജാസിം ബിന്‍ സൈഫ് അല്‍സുലൈത്തിക്കു പകരമായാണ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രിയായി മുഹമ്മദ് അല്‍ഥാനിയെയും നിയമിച്ചത്.