ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിദ്യാർഥി വിഭാഗമായ ക്വിസ്ക് (ഖത്തർ ഇന്ത്യൻ സ്റ്റുഡൻസ് ക്ലബ്) കെ.ജി തലം മുതൽ എഴാം ക്ലാസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച “നജ്മ് 2025” സർഗോത്സവത്തിൽ ഹിലാൽ മേഖല ജേതാക്കളായി. അഞ്ച് മേഖലകളിലായി സംഘടിപ്പിച്ച ഫൈനൽ മത്സരങ്ങളിൽ മദീന ഖലീഫ, അബൂ ഹമൂർ മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിവിധ കാറ്റഗറിയിലായി നടന്ന മത്സരങ്ങളിൽ ഇരുനൂറിലധികം കുട്ടികൾ മാറ്റുരച്ചു. കിഡ്സ് കാറ്റഗറിയിൽ യാര ഫാത്തിമ, സബ് ജൂനിയർ കാറ്റഗറിയിൽ അഫ്രീന, ജൂനിയർ കാറ്റഗറിയിൽ മറിയം മെഹ്റിൻ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.
ബിൻ മഹമൂദ് ഗ്രീൻവുഡ് സ്കൂളിൽ നടന്ന മത്സരങ്ങൾ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അലി ചാലിക്കര ഉദ്ഘാടനം ചെയ്തു. കുരുന്നുകൾ മാറ്റുരച്ച സർഗമേളയിൽ അറബിക്, ഡാൻസ്, ഒപ്പന, കഥ പറയൽ, പ്രസംഗം തുടങ്ങി ഒട്ടേറെ പരിപാടികൾ അരങ്ങേറി. റഷീദ് അലി, ശനീജ് എടത്തനാട്ടുകര, നൗഫൽ മാഹി, റഹീല, ഷംല നൗഫൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.