ദോഹ – ഖത്തറിലെ ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ഇറാന് ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി സി.ഇ.ഒ സഅദ് അല്‍കഅബി പറഞ്ഞു. ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി ശേഷിയുടെ 17 ശതമാനം തടസ്സപ്പെടാന്‍ ഇറാന് ആക്രമണങ്ങള്‍ ഇടയാക്കി. ഇത് ഏകദേശം 2,000 കോടി ഡോളറിന്റെ വാര്‍ഷിക വരുമാന നഷ്ടമുണ്ടാക്കും. യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള ഗ്യാസ് വിതരണത്തിന് ഭീഷണിയാവുകയും ചെയ്യും. ഖത്തറിലെ 14 എല്‍.എന്‍.ജി ദ്രവീകരണ യൂണിറ്റുകളില്‍ രണ്ടെണ്ണത്തിനും ഗ്യാസ്-ടു-ലിക്വിഡ്സ് (ജി.ടി.എല്‍) പ്ലാന്റുകളില്‍ ഒന്നിനും ഈ അഭൂതപൂര്‍വമായ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചു. അറ്റകുറ്റപ്പണികള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷമെടുക്കും. ഇത് പ്രതിവര്‍ഷം 1.28 കോടി ടണ്‍ എല്‍.എന്‍.ജിയുടെ ഉല്പാദനം നിര്‍ത്തിവെക്കാന്‍ ഇടയാക്കും. ഖത്തറും മേഖലയും വിശുദ്ധ റമദാന് മാസത്തില്‍ ഒരു സഹോദര മുസ്ലിം രാജ്യത്ത് നിന്ന്, ഈ രീതിയില്‍ ഇത്തരമൊരു ആക്രമണത്തിന് വിധേയമാകുമെന്ന് തനിക്ക് ഒരിക്കലും തോന്നിയിരുന്നില്ലെന്ന് ഖത്തറിന്റെ ഊര്‍ജകാര്യ സഹമന്ത്രി കൂടിയായ സഅദ് അല്‍കഅബി വ്യക്തമാക്കി.
മണിക്കൂറുകള്‍ക്ക് മുമ്പ്, ഇറാന് തങ്ങളുടെ ഗ്യാസ് പശ്ചാത്തല സൗകര്യങ്ങള്‍ക്കു നേരെയുള്ള ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഗള്‍ഫിലെ എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തി. രണ്ട് ദ്രവീകരണ യൂണിറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍, ഇറ്റലി, ബെല്‍ജിയം, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലേക്ക് ദ്രവീകൃത പ്രകൃതിവാതകം വിതരണം ചെയ്യാനായി അഞ്ച് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ദീര്‍ഘകാല കരാറുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ ഖത്തര്‍ എനര്‍ജിക്ക് സാധിക്കാതെ വരും. ഇവ ദീര്‍ഘകാല കരാറുകളാണ്. നേരത്തെ കുറഞ്ഞ കാലയളവിലേക്ക് ഇത്തരം സാഹചര്യങ്ങള്‍ മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍, അത് ദീര്‍ഘകാലത്തേക്കായി മാറുമെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.
റാസ് ലഫാന്‍ ഉല്‍പ്പാദന കേന്ദ്രത്തില്‍ നേരത്തെയുണ്ടായ ആക്രമണത്തിനു ശേഷം ഖത്തര്‍ എനര്‍ജി തങ്ങളുടെ മുഴുവന്‍ എല്‍.എന്‍.ജി ഉല്പാദനവും നിര്‍ത്തിവെക്കുന്നതായി അറിയിച്ചു. ബുധനാഴ്ച റാസ് ലഫാനില്‍ വീണ്ടും ആക്രമണമുണ്ടായി. ഉല്പാദനം പുനരാരംഭിക്കുന്നതിന്, ആദ്യം ആക്രമണം അവസാനിപ്പിക്കണമെന്ന് സഅദ് അല്‍കഅബി പറഞ്ഞു.
യു.എസ് എണ്ണ ഭീമനായ എക്സോണ്‍ മൊബീല്‍ ഖത്തറില്‍ ഇറാന് ആക്രമണത്തില്‍ തകര്‍ന്ന ദ്രവീകൃത പ്രകൃതി വാതക വ്യവസായ കേന്ദ്രങ്ങളില്‍ പങ്കാളിയാണ്. ഷെല്‍ തകര്‍ന്ന ഗ്യാസ്-ടു-ലിക്വിഡ്സ് പ്ലാന്റില്‍ പങ്കാളിയാണ്. ഗ്യാസ്-ടു-ലിക്വിഡ്സ് പ്ലാന്റ് നന്നാക്കാന്‍ ഒരു വര്‍ഷം വരെ എടുക്കും. ടെക്സസ് ആസ്ഥാനമായുള്ള എക്സോണ്‍ മൊബീലിന് എസ്-4 എല്‍.എന്‍.ജി ഉല്പാദന യൂണിറ്റില്‍ 34 ശതമാനം ഓഹരിയും എസ്-6 യൂണിറ്റില്‍ 30 ശതമാനം ഓഹരിയുമുണ്ടെന്ന് സഅദ് അല്‍കഅബി വ്യക്തമാക്കി.
എസ്-4 യൂണിറ്റ് പ്രവര്‍ത്തനരഹിതമായത് ഇറ്റലിയിലെ എഡിസണ്, ബെല്‍ജിയത്തിലെ ഇ.ഡി.എഫ്.ടി എന്നിവയിലേക്കുള്ള വിതരണങ്ങളെ ബാധിക്കുന്നു. എസ്-6 യൂണിറ്റ് പ്രവര്‍ത്തനരഹിതമായത് ദക്ഷിണ കൊറിയയുടെ കോഗാസ്, ചൈനയുടെ ഇ.ഡി.എഫ്.ടി, ഷെല്‍ എന്നിവയെ ബാധിക്കുന്നു. ഇറാന് ആക്രമണങ്ങളില്‍ നിന്നുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി മേഖലയെ 10 മുതല്‍ 20 വര്‍ഷം വരെ പിന്നോട്ട് നയിച്ചു. തീര്‍ച്ചയായും, ഈ മേഖല പലര്‍ക്കും സുരക്ഷിതമായ ഒരു താവളമാണ്. അവര്‍ക്ക് താമസിക്കാന്‍ സുരക്ഷിതമായ ഒരു സ്ഥലം നല്കുന്നു. ആ പ്രതിച്ഛായ ഇളകിമറിഞ്ഞിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നുവെന്ന് സഅദ് അല്‍കഅബി കൂട്ടിചേർത്തു.
ദ്രവീകൃത പ്രകൃതിവാതക മേഖലക്ക് അപ്പുറത്തേക്ക് ഇറാന് ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ വ്യാപിക്കുന്നു. ഖത്തറിന്റെ കണ്ടന്‍സേറ്റ് കയറ്റുമതി ഏകദേശം 24 ശതമാനം കുറയും. എല്‍.പി.ജി ഉല്‍പ്പാദനം 13 ശതമാനവും ഹീലിയം ഉല്‍പ്പാദനം 14 ശതമാനവും നാഫ്ത, സള്‍ഫര്‍ ഉല്‍പ്പാദനം 6 ശതമാനവും കുറയും. ഈ നഷ്ടങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയിലെ റെസ്റ്റോറന്റുകളിലെ എല്‍.പി.ജി ഉപയോഗത്തിലേക്കും ഹീലിയം ഉപയോഗിക്കുന്ന ദക്ഷിണ കൊറിയയിലെ സെമികണ്ടക്ടര്‍ നിര്‍മ്മാതാക്കളിലേക്കും പോലും വ്യാപിക്കുന്നു. ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ചെലവ് ഏകദേശം 2,600 കോടി ഡോളറാണ്. ഇസ്രായില്‍ ഇറാനെ ആക്രമിച്ചാല്‍, അത് ഇറാനും ഇസ്രായിലും തമ്മിലുള്ള വിഷയമാണ്. ഈ മേഖലയില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ഇസ്രായിലും അമേരിക്കയും അടക്കം ലോകത്തിലെ എല്ലാ രാജ്യങ്ങളും എണ്ണ, വാതക വ്യവസായ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സഅദ് അല്‍കഅബി ആവശ്യപ്പെട്ടു.



