ദോഹ – യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി കരാര്‍ ഉറപ്പിക്കാന്‍ ഇറാന് 1,200 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ നിഷേധിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍ പറഞ്ഞു. ചില കക്ഷികള്‍ പ്രചരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളിലൂടെ കരാര്‍ പരാജയപ്പെടുത്താനും മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കാനും സ്ഥിരത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍അന്‍സാരി എക്‌സ് പ്ലാറ്റ്‌ഫോമില്‍ എഴുതി.
പ്രാദേശിക പങ്കാളികളുമായി ഏകോപിച്ച് നടത്തുന്ന ഖത്തറിന്റെ നയതന്ത്ര ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതും വ്യക്തവുമാണ്. ഖത്തര്‍ ഇറാന് ഭീമമായ തുക വാഗ്ദാനം ചെയ്‌തെന്ന വിവരണങ്ങള്‍ സമാധാനം സ്ഥാപിക്കുന്നതില്‍ വിശ്വസിക്കാവുന്ന ഒരു അന്താരാഷ്ട്ര പങ്കാളിയെന്ന നിലയില്‍ ഖത്തറിന്റെ സല്‍പ്പേരിന് കോട്ടം തട്ടിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണെന്ന് മാജിദ് അല്‍അന്‍സാരി വ്യക്തമാക്കി. പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥിരത വര്‍ധിപ്പിക്കുന്നതിന്, വിവിധ സംഭവവികാസങ്ങളെ കുറിച്ച് ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍ കൂടിയാലോചനയും ഏകോപനവും ശക്തമാക്കണം. പ്രതിസന്ധികള്‍ പരിഹരിക്കാനും സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് മേഖലയെ ഒഴിവാക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം നയതന്ത്ര പരിഹാരങ്ങളാണെന്നും ഡോ. മാജിദ് അല്‍അന്‍സാരി കൂട്ടിചേർത്തു.
യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചും വിദേശ ബാങ്കുകളിലെ മരവിപ്പിച്ച ഇറാന്‍ ആസ്തികള്‍ കൈമാറുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടത്താനായി ഉന്നതതല ഇറാന്‍ പ്രതിനിധി സംഘം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ എത്തിയിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്താനായി ദോഹയില്‍ എത്തിയ സംഘത്തില്‍ ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും ഉള്‍പ്പെടുന്നു. മരവിപ്പിച്ച ഫണ്ടുകളുടെ വിഷയം ചര്‍ച്ച ചെയ്യാനുള്ള പ്രതിനിധി സംഘത്തില്‍ ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുമുണ്ട്. ദോഹ സന്ദര്‍ശന വേളയില്‍ ഇറാന്‍ പ്രതിനിധി സംഘം ഹോര്‍മുസ് കടലിടുക്ക്, ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.



