ദോഹ: സിറിയക്കെതിരെ ഇസ്രായേൽ അധിനിവേശം നടത്തിയ ആക്രമണങ്ങളെ അപലപിച്ച് ഖത്തർ. ഇത് സിറിയയുടെ പരമാധികാരത്തിനു നേരെയുള്ള ആക്രമണമാണെന്ന് ഖത്തർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മാത്രവുമല്ല, അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ തത്വങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഖത്തർ ചൂണ്ടികാണിച്ചു. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത് ഭീഷണിയാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, സിറിയയ്‌ക്കെതിരായ ആവർത്തിച്ചുള്ള ആക്രമണങ്ങൾ രാജ്യത്തിന്റെ വികസനത്തിനും പ്രദേശത്തെ സമാധാനത്തിനും പിന്തുണ നൽകുന്ന അന്താരാഷ്ട്ര ശ്രമങ്ങളോടുള്ള അവഗണനയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. പ്രാദേശിക, ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇസ്രായേലിന്റെ ആക്രമണത്തെ ചെറുക്കാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ ആക്രമണത്തിൽ വലയുന്ന സിറിയക്ക് ഖത്തർ പൂർണ പിന്തുണ അർപ്പിക്കുകയും ചെയ്തു. സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത എന്നിവയെ ഖത്തർ പൂർണമായും പിന്തുണയ്ക്കുന്നതായും മികച്ച ജീവിത സാഹചര്യം കെട്ടിപ്പടുക്കുന്നതിൽ സിറിയയിലെ ജനതയ്‌ക്കൊപ്പം ഉണ്ടാകുമെന്നും ഖത്തർ അറിയിച്ചു.