ദോഹ- ദോഹയിലെ കത്താറയിൽ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രായിൽ സൈന്യം സ്ഥിരീകരിച്ചു. ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ചാണ് ആക്രമണം നടത്തിയതെന്നും സൈന്യം അവകാശപ്പെട്ടു. ഹമാസിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു.
ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തിന് തൊട്ടടുത്താണ് ഇസ്രായിൽ സൈന്യം ആക്രമണം നടത്തിയതെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ആളപായമുണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് ഖത്തർ സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ നടപടിക്രമങ്ങൾ വളരെ സങ്കീർണ്ണമാണെന്നും പാർപ്പിടങ്ങൾക്കും കെട്ടിടങ്ങൾക്കും വളരെ അടുത്തായാണ് സ്ഫോടനം നടന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായിലിന്റെ ആക്രമണത്തെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു.
ദോഹയിൽ ഹമാസിനെതിരായ ‘ഭീരുത്വപരമായ’ ഇസ്രായേലി ആക്രമണത്തെ ഖത്തർ അപലപിച്ചു. ഈ ക്രിമിനൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തറികളുടെയും ഖത്തർ നിവാസികളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഹമാസ് രാഷ്ട്രീയ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.


ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം, ഈ വീണ്ടുവിചാരമില്ലാത്ത ഇസ്രായേലി പെരുമാറ്റത്തെയും പ്രാദേശിക സുരക്ഷയിൽ അവർ നടത്തുന്ന തുടർച്ചയായ കൈയേറ്റങ്ങളെയും രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യം വച്ചുള്ള ഏതൊരു നടപടിയെയും അനുവദിക്കില്ലെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഉന്നത തലത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് താമസിക്കുന്ന ഹമാസ് നേതാക്കളെ വധിക്കുമെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീർ ഭീഷണിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം നടന്നത്. അതിനിടെ, യുഎസ് വാഗ്ദാനം ചെയ്ത ഗാസ വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ അംഗീകരിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ അവകാശപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ നിർദ്ദേശം ഹമാസ് നേതാക്കൾ ചർച്ച ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത് എന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് ഉച്ചയോടെയാണ് ഖത്തറിലെ കത്താറയിൽ തുടർ സ്ഫോടനങ്ങൾ നടന്നത്. രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തുടർ സ്ഫോടനങ്ങളുണ്ടായത്. നിരവധി തവണ ഉഗ്രശബ്ദങ്ങൾ ഉയർന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കത്താറ ജില്ലയിൽ പുക ഉയരുന്നത് അവിടെ നിന്നുള്ള ദൃശ്യങ്ങളിൽ കാണാം.