ദോഹ– ഖത്തറിൽ ഈ അധ്യായന വർഷം മുതൽ പുതിയ വിദ്യാഭ്യാസ കലണ്ടറിന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കി. അര്‍ധ വാര്‍ഷിക അവധി ഡിസംബര്‍ അവസാന വാരം തുടങ്ങുന്ന രീതിയില്‍ ക്രമീകരിച്ച കലണ്ടറിൽ റമദാനില്‍
രണ്ട് ദിവസം അധിക അവധിയും നല്‍കുന്നുണ്ട്. ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്കൂളുകള്‍ക്കും കലണ്ടര്‍ ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ ശൂറ കൌണ്‍സില്‍ നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ടു കൊണ്ടാണ് സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ അവധികള്‍ ക്രമീകരിച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയത്.
രാജ്യത്ത് താമസിക്കുന്ന വിവിധ സമൂഹങ്ങളുടെ സാംസ്കാരി ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താണ് തീരുമാനം. 2028 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ പുതിയ കലണ്ടര്‍ പ്രകാരമാകും അവധികളും പരീക്ഷകളും ക്രമീകരിക്കുക. അര്‍ധ വാര്‍ഷിക അവധി, അതവാ ശൈത്യകാല അവധി ഇനിമുതല്‍ ഡിസംബര്‍ അവസാന വാരത്തിലാണ് തുടങ്ങുക. നേരത്തെ ഇത് നാഷണല്‍ഡേ ആയ ഡിസംബര്‍ 18ന് മുമ്പ്തു ടങ്ങുന്ന രീതിയില്‍ ആയിരുന്നു. റമദാനില്‍ പൊതു അവധികള്‍ക്ക് പുറമെ രണ്ട് ദിവസത്തെ അധിക അവധി നല്‍കും.റമദാനില്‍ മിഡ് ടേം പരീക്ഷകള്‍ നടക്കില്ല, സര്‍ക്കാര്‍ സ്കൂളുകളില്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്കിടയില്‍ വിശ്രമദിനം അനുവദിക്കും.
ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷകള്‍ ദേശീയ ദിനത്തിന് മുമ്പ് തീര്‍ക്കണമെന്നും നിര്‍ദേശമുണ്ട്. സ്കൂള്‍ അവധികള്‍ ഏകീകകരിക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ അക്കാദമിക മികവ്, മാനസികാരോഗ്യം, സാംസ്കാരിക മൂല്യങ്ങള്‍ എന്നിവ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ
മന്ത്രാലയം അറിയിച്ചു
.