ദോഹ– ഇറാൻ മിസൈലുകൾ പതിച്ചതിനെ തുടർന്ന് സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ച പൗരന്മാർക്കും താമസക്കാർക്കും നഷ്ടപരിഹാരം നൽകുമെന്ന് സിവിൽ ഡിഫൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. പാർപ്പിടങ്ങൾ, വാഹനങ്ങൾ, വ്യാവസായിക സൗകര്യങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ അടക്കമുള്ള സ്വകാര്യ സ്വത്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നീക്കം. ഇത് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും സഹായകമാകും.
നാശനഷ്ടങ്ങൾ മുമ്പ് രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട അധികാരികൾക്ക് ഔപചാരിക റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തവർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. നഷ്ടപരിഹാര നടപടിക്രമങ്ങൾ സുഗമമാക്കാൻ സിവിൽ ഡിഫൻസ് കൗൺസിൽ ഇതിന് മേൽനോട്ടം വഹിക്കും. നിയമപരമായ രീതിയിൽ തന്നെയാണ് നഷ്ടപരിഹാര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് എന്നും അവർ ഉറപ്പ് വരുത്തും.
ഇതുവരെ നാശനഷ്ടം രേഖപ്പെടുത്താത്തവർക്ക് അവരുടെ അപേക്ഷ സമർപ്പിക്കാൻ രണ്ട് ദിവസം സമയവും അനുവദിച്ചിട്ടുണ്ട്. പ്രഖ്യാപന തീയതി മുതൽ രണ്ട് ദിവസത്തിനുള്ളിൽ മെട്രാഷ് ആപ്ലിക്കേഷൻ വഴി നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സൂചിപ്പിച്ച സമയപരിധി കഴിഞ്ഞാൽ ക്ലെയിമുകളൊന്നും സ്വീകരിക്കില്ലെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.