ദോഹ : ഇന്ന് പുലർച്ചെ ദോഹയിൽ നിര്യാതനായ കെ.എം.സി.സി നേതാവും ജീവകാരുണ്യ പ്രവർത്തകനും കലാ കായിക മേഖലയിലെ സജീവസാനിധ്യവുമായ കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കളും പ്രവാസി സംഘടനകളും. ജീവിതം വഴിമുട്ടിയ അനേകമാളുകള്‍ക്ക് ആശ്വാസം പകര്‍ന്ന്, പലരുടെയും ജീവിതത്തില്‍തൊട്ട് അവര്‍ക്കെല്ലാം പുതുജീവിതം സമ്മാനിക്കാന്‍ ഉത്സാഹിച്ചു വ്യക്തിയായിരുന്നു മുഹമ്മദ് ഈസയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നേതാക്കളെന്നോ, ചെറിയ പ്രവര്‍ത്തകരെന്നോ ഭേദമില്ലാതെ എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറിയെന്നും ഖത്തര്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുകയും കാണാനാഗ്രഹിക്കുകയും ചെയ്യുന്ന മുഖമായിരുന്നു അദ്ദേഹത്തിന്റേതെന്നും സാദിഖലി തങ്ങൾ അനുസ്മരിച്ചു.
തൻ്റെ സമ്പാദ്യത്തിൻ്റെ നല്ലൊരു ഭാഗം ഈസക്ക ചെലവഴിച്ചത് അശരണരുടെ കണ്ണീരൊപ്പാനാണ്. അതിന് ജാതിയും മതവും രാഷ്ട്രീയവുമൊന്നും അദ്ദേഹത്തിന് തടസ്സമായിട്ടില്ലെന്ന് കെ.ടി ജലീൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. കോഴിക്കോട് ആസ്ഥാനമാക്കി ‘ആശ’ എന്ന ഒരു കൂട്ടായ്മക്ക് രൂപംനൽകി. ‘ആശ’യുടെ ദീർഘകാലത്തെ പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹം നടത്തിയ സൽകൃത്യങ്ങൾ മാതൃകാപരമാണ്. ബാബുരാജിന് വീട് വെച്ചു നൽകിയതും റംലാബീഗം. സാമ്പത്തിക ബാധ്യതകളെ തുടർന്ന് സ്വവസതിയിൽ നിന്ന് കുടിയിറക്കപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോൾ ഓടിയെത്തി അവർക്ക് അത്താണിയായതും ഈസക്കയുടെ നേതൃത്വത്തിലുള്ള ‘ആശ’യായിരുന്നെനും ജലീൽ അനുസ്മരിച്ചു. ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലികുട്ടി, ഗായകൻ കണ്ണൂർ ശരീഫ്, മുൻ എം എൽ .എ പാറക്കൽ അബ്ദുല്ല, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി തുടങ്ങി നിരവധി പേർ അനുശോചിച്ചു.

ഈസാക്കയുടെ നിരൃണത്തിൽ ഖത്തറിലെ പ്രമുഖരും പ്രവാസി സംഘടനകളും അനുശോചിച്ചു. ഈസക്കയുടെ വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കെഎംസിസി പ്രസ്ഥാനത്തിനും ജീവ കാരുണ്യ പ്രവർത്തനങ്ങളുടെയും നെടും തൂണായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു എല്ലാ ഘടകങ്ങളുടെയും സംഘടനാപരമായ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഡോ : മോഹൻ തോമസ്, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , ഐസിസി പ്രസിഡന്റ് എ .പി മണികണ്ഠൻ, സംസ്‌കൃതി ഖത്തർ , പ്രവാസി വെൽഫെയർ, ഇൻകാസ് ഖത്തർ , സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി, നോബിൾ ഇന്റർനാഷണൽ സ്കൂൾ മാനേജിങ് കമ്മിറ്റി , ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ തുടങ്ങി പ്രവാസലോകത്തെ നിരവധി പ്രമുഖരും സംഘടനകളും ഈസാക്കയുടെ നിരൃണത്തിൽ അനുശോചിച്ചു.
ഖത്തർ കെ എം സി സി സംസ്ഥന കമ്മിറ്റി സംഘടിപ്പിക്കുന്ന ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ ഈസാക്ക അനുസ്മരണ സമ്മേളനം നാളെ രാത്രി 7 മണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അറിയിച്ചു.