കെയ്റോ– ഈജിപ്തിൽ തിങ്കളാഴ്ച നടക്കുന്ന ഹമാസ് – ഇസ്രായേൽ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട ഖത്തർ പ്രതിനിധി സംഘത്തിലെ മൂന്ന് അംഗങ്ങൾ ഈജിപ്തിലെ ഷറം അൽ ശൈഖിനു സമീപം വാഹനാപകടത്തിൽ മരിച്ചു. സഊദ് ബിൻ താമിർ അൽതാനി, അബ്ദുല്ല ഗാനിം അൽഹയാറീൻ, ഹസ്സൻ ജാബിർ അൽജാബിർ എന്നിവരാണ് മരിച്ചത്. മൂവരും ഖത്തർ അമീറിന്റെ ഔദ്യോഗിക ഓഫീസ് ജീവനക്കാരായ നയതന്ത്ര പ്രതിനിധികളാണ് . ഗാസയിലെ ഇസ്രായേൽ നടപടി അവസാനിപ്പിക്കുന്നതിനുള്ള ശാശ്വത ഉടമ്പടിക്കായുള്ള ഉന്നതതല സമ്മേളനം നടക്കാനിരിക്കെയായിരുന്നു അപകടം.
ഗാസയിലെ ഇസ്രായേൽ നടപടി അവസാനിപ്പിക്കുന്നതിനുള്ള ശാശ്വത ഉടമ്പടിക്കായുള്ള ഉന്നതതല സമ്മേളനം നടക്കാനിരിക്കെയായിരുന്നു അപകടം.
ഖത്തറിന്റെ ഈജിപ്തിലെ എംബസി ‘എക്‌സ്’ പോസ്റ്റിലൂടെ മരണവിവരം സ്ഥിരീകരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഷറം അൽ ശൈഖിലേക്ക് പോവുകയായിരുന്ന പ്രോട്ടോക്കോൾ ടീമിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ഈജിപ്തിയൻ ആരോഗ്യ-സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള വളവിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ മറിയുകയായിരുന്നു.
അപകടത്തിൽ മറ്റ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇവർ ഷറം അൽ ശൈഖിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ഇന്ന് വൈകിട്ട് ഖത്തറിലേക്ക് കൊണ്ടുപോകുമെന്ന് എംബസി അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യഘട്ട ഉടമ്പടി ഉണ്ടാക്കുന്നതിൽ ഖത്തർ, ഈജിപ്ത്, യുഎസ്, തുർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥത വഹിച്ചിരുന്നു. ഉടമ്പടിക്ക് അന്തിമ രൂപം നൽകാനും ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടി വസാനിപ്പിക്കാനുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും യുഎസ് പ്രസിഡന്റും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ആഗോള സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കുകയാണ്.
ദുരന്തം ദുഃഖകരമാണെന്ന് ഈജിപ്ത് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥർ പ്രധാനമന്ത്രി മുഹമ്മദ് അബ്ദുൽറഹ്മാൻ ആൽ താനിയുടെ ബന്ധപ്പെട്ട ബന്ധി മോചന ചർച്ചാ സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും, പ്രോട്ടോക്കോൾ ഓഫീസർമാരും സുരക്ഷാ ജീവനക്കാരുമായിരുന്നു എന്നുമാണ് വിവരം. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി ഈജിപ്ത് അന്വേഷണം നടത്തിവരികയാണ്. ഗാസ സമാധാന പ്രക്രിയയുടെ പശ്ചാത്തലത്തിൽ നടന്ന ഈ ദുരന്തം മേഖലയിലെ നയതന്ത്ര സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്