ദോഹ– ഒക്ടോബർ 30 ന് ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണമൊരുക്കാൻ ഒരുങ്ങി വിപുലമായ സ്വാഗത സംഘം. ബഹുജന സ്വീകരണത്തിന്റെ ഭാഗമായി “മലയാളോത്സവം” എന്ന പേരിൽ നടക്കുന്ന പരിപാടി ഒക്ടോബര് 30 ന് വൈകിട്ട് ആറ് മണി മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുക. ലോക കേരളസഭ, മലയാളം മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആണ് ഗൾഫ് നാടുകളിൽ സ്വീകരണം സംഘടിപ്പിക്കുന്നത്.ഇന്ത്യൻ കൾച്ചറൽ സെന്റർ അശോകാ ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണയോഗത്തിൽ പ്രവാസി മലയാളി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ചടങ്ങിൽ സ്വാഗത സംഘകമ്മറ്റിയെ അവതരിപ്പിച്ചത് പാനൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ ഇ എം സുധീറാണ്. നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ സി വി റപ്പായി ചെയർമാനും ഇ. എം. സുധീർ ജനറൽ കൺവീനറുമാണ്. ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളും പൗര പ്രമുഖരും സംഘാടക സമിതിയിൽ അംഗമായി.
സി. വി. റപ്പായി അധ്യക്ഷത വഹിച്ച ചടങ്ങിൽ നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ജെ കെ മേനോന്‍ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.പ്രവാസി ഭാരതീയ സമ്മാൻ ജേതാവും പ്രമുഖ സമൂഹ്യ പ്രവർത്തകനുമായ ഡോ മോഹൻ തോമസ്, ഐ ബി പി സി പ്രസിഡന്റ് താഹ അബ്ദുൾ കരീം, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ തുടങ്ങി ഖത്തറിലെ മലയാളി സാമൂഹ്യ- സാംസ്‌ക്കാരിക വാണിജ്ജ്യ രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു. സംസ്കൃതി സെക്രട്ടറിയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്റർ സെക്രട്ടറിയുമായ ബിജു പി. മംഗളം സ്വാഗതവും ലോക കേരള സഭ അംഗവും മുൻ സംസ്കൃതി പ്രസിഡന്റുമായ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.