ദോഹ – അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും, ഈ മാസത്തെ യു.എന്‍ രക്ഷാ സമിതി പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഗയാനയുടെ സ്ഥിരം പ്രതിനിധിയുമായ കരോലിന്‍ റോഡ്രിഗസ്-ബിര്‍ക്കറ്റിനും ഖത്തര്‍ കത്തയച്ചു.
രക്ഷാ സമിതി അംഗങ്ങള്‍ക്ക് കത്ത് വിതരണം ചെയ്യണമെന്നും കൗണ്‍സിലിന്റെ ഔദ്യോഗിക രേഖയായി പുറത്തിറക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം (തിങ്കളാഴ്ച) ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മിസൈല്‍ ആക്രമണം നടത്തിയതായും ആക്രമണം ഖത്തര്‍ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായും ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ഥാനി നല്‍കിയ കത്തില്‍ ഖത്തര്‍ പറഞ്ഞു.
വ്യോമതാവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണം തങ്ങളുടെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണ്. ഈ നഗ്‌നമായ ആക്രമണത്തിന്റെ സ്വഭാവത്തിനും വ്യാപ്തിക്കും ആനുപാതികമായും യു.എന്‍ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായും നേരിട്ട് തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഖത്തര്‍ പറഞ്ഞു.
യു.എന്‍ ചാര്‍ട്ടര്‍ പ്രകാരമുള്ള ഉത്തരവാദിത്തങ്ങള്‍ രക്ഷാ സമിതി നിറവേറ്റണം. മേഖല കൂടുതല്‍ അപകടകരമായ സംഘര്‍ഷത്തിലേക്ക് വഴുതിവീഴുന്നത് തടയാന്‍ മിഡില്‍ ഈസ്റ്റിലുടനീളം അടിയന്തരവും സമഗ്രവുമായ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ രക്ഷാ സമിതി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ഖത്തര്‍ ആവശ്യപ്പെട്ടു.