ദോഹ– ഇന്ത്യൻ വ്യോമയാന മേഖല നിയന്ത്രിക്കുന്നത് അദാനിയും ടാറ്റയും ഇൻഡിഗോയും അടങ്ങുന്ന ‘ത്രീമെൻ ആർമി’യാണെന്നും പ്രവാസി ഇന്ത്യക്കാരുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ വിമാന യാത്രാനിരക്ക് റെഗുലേറ്റ് ചെയ്യണമെന്നും എ.എ.റഹീം എം.പി. ദോഹയിൽ ഇന്ത്യൻ മീഡിയാ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്സ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന് വ്യോമയാന മേഖലയിൽ ഒരു തരത്തിലുള്ള നിയന്ത്രണവുമില്ല. ഇന്ത്യയിലെ വിമാനത്താവളങ്ങൾ മുഴുവൻ അദാനിയുടെ കയ്യിലാണ്. വിമാന സർവീസുകൾ നിയന്ത്രിക്കുന്നത് ടാറ്റയും ഇൻഡിഗോയുമാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടായേ മതിയാവൂ. കേന്ദ്ര സർക്കാരിന് വ്യോമ മേഖലയിൽ നിയന്ത്രണം സാധ്യമാവാത്ത കാലത്തോളം വിമാന യാത്രാനിരക്കിൽ ഒരു തരത്തിലുള്ള കുറവും പ്രതീക്ഷിക്കാനുമാവില്ല. ഗതാഗതം, വിനോദ സഞ്ചാരവും സാംസ്കാരിക മേഖലയും ഉൾപ്പെടുന്ന സ്റ്റാൻഡിങ് കമ്മറ്റി അംഗമെന്ന നിലയിൽ വിമാന യാത്രാനിരക്ക് റെഗുലേറ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
മാറി വരുന്ന സർക്കാരുകളെ നിരക്ക് കുറയാത്തതിൽ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. നയത്തിൽ മാറ്റം വേണം. 1991 മുതൽ തുടരുന്ന കേന്ദ്ര സർക്കാർ നയമാണ് പ്രശ്നം. എയർകേരള നിലവിൽ വന്നാലും ടിക്കറ്റ് വില കുറയുന്ന ഒരു സാഹചര്യവും പ്രതീക്ഷിക്കാൻ ആവില്ല. ഇന്ധന വില ഉൾപെടെ നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ അധികാരം പൂർണമായും റദ്ദാക്കി സ്വകാര്യ വിപണിക്ക് വിട്ടുകൊടുത്തത് ആദ്യം കോൺഗ്രസ് സർക്കാരും തുടർന്ന് ബി.ജെ.പിയുമാണെന്നും റഹീം ആരോപിച്ചു. ദോഹ കാലിക്കറ്റ് ടേസ്റ്റി റെസ്റ്റോറന്റിൽ നടന്ന ‘മീറ്റ് ദി പ്രസ്സിൽ’ ഇന്ത്യൻ മീഡിയാഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല അധ്യക്ഷനായിരുന്നു. ട്രഷറർ ആർ.ജെ രതീഷ് സ്വാഗതവും സെക്രട്ടറി അൻവർ പാലേരി നന്ദിയും പറഞ്ഞു.