ദോഹ – ഗാസ വെടി നിർത്തൽ കരാറിലെ തർക്ക പ്രശ്നങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി. ഇത് മധ്യസ്ഥ രാജ്യങ്ങൾ എടുത്ത തീരുമാനമാണെന്ന് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ പറഞ്ഞു. കരാറിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാൻ ഇരുകക്ഷികളും തയ്യാറാകാത്തതിനാലാണ് ഈ
തീരുമാനമെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
ഹമാസ് ഇസ്രായിലിന് ഭീഷണിയല്ലെന്ന് തെളിയിക്കാൻ നേതാക്കൾ തയ്യാറാണ്. എന്നാൽ ഇവർ തമ്മിലുള്ള ചർച്ച എങ്ങനെ നടപ്പിലാക്കുമെന്ന് തീരുമാനിക്കണം. അടുത്ത ഘട്ടം ഒരു അന്താരാഷ്ട്ര സ്ഥിരത സേനയുടെ രൂപീകരണത്തെക്കുറിച്ചായിരിക്കുമെന്നും മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ കൂട്ടിചേർത്തു.
ആയുധങ്ങൾ കൈമാറുന്നതിൽ ഹമാസിന് അഭിപ്രായ വ്യത്യാസമുണ്ട്. ഇത്തരം വിഷയങ്ങൾ കൂടുതൽ ചർച്ച നടത്തി പരിഹരിക്കേണ്ടവയാണ്. ഇത്തരം ചർച്ചകൾ ഫലങ്ങൾ കൈവരിക്കുന്നതിന് സഹായകമാകുമെന്നും അതിന് തെളിവാണ് വെടിനിർത്തലും തടവുകാരുടെ മോചനവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പലസ്തീൻ ജനതയോട് മാനുഷികവും ചരിത്രപരവും നയതന്ത്രപരവുമായ കടമ നിറവേറ്റുന്നതിൽ ഖത്തർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ആവർത്തിച്ചു. എക്‌സിലൂടെ പങ്കുവെച്ച ഈ പോസ്റ്റിൽ, കരാർ നടപ്പിലാക്കുന്നതിലും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതുമുള്ള കൂട്ടായ ഉത്തരവാദിത്തമാണ് ഘട്ടത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.