ദോഹ – സ്വന്തം ഭൂമിയിൽ ഇസ്രായിൽ ആക്രമണത്തിനെതിരെ പോരാട്ടം തുടരുന്ന പലസ്തീൻ പോരാളികളുടെ തുടർക്കാഴ്ചയായി ഖത്തറിലെ അൽ ബെയ്ത് ഫുട്ബോൾ മൈതാനം. ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന ദിവസത്തെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ കീഴടക്കി പലസ്തീൻ. ഏകപക്ഷീയമായ ഒരു ഗോളിനാണ് കരുത്തരായ ഖത്തറിനെ പലസ്തീൻ പരാജയപ്പെടുത്തിയത്. ഇഞ്ചുറി സമയത്തിന്റെ അവസാനനിമിഷം ഖത്തർ താരം സുൽത്താൻ അൽ-ബ്രേക്കിന്റെ സെൽഫ് ഗോളിലാണ് പലസ്തീൻ ചരിത്രവിജയം നേടിയത്.
മത്സരം തുടങ്ങി ഇരുടീമുകളും കിണഞ്ഞു ഗോളിനായി ശ്രമിച്ചെങ്കിലും വല മാത്രം കുലുങ്ങിയില്ല. പല മികച്ച അവസരങ്ങളും ഇരു ടീമുകളുടെയും താരങ്ങൾ തുടരെ നഷ്ടമാക്കിയപ്പോൾ മത്സരം സമനിലയിലേക്ക് നീങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അവസാന നിമിഷം പലസ്തീൻ ടീമിന് ലഭിച്ച കോർണറിലാണ് ഗോൾ വന്നത്.
കോർണർ ഭീഷണി ഒഴിഞ്ഞു പോയെങ്കിലും തിരികെ ലഭിച്ച പന്ത് പലസ്തീൻ താരം മുഹമ്മദ് അൽ ഖാഖ് പോസ്റ്റിലേക്ക് ഉയർത്തി നൽകിയ പന്ത് ഖത്തർ താരത്തിന്റെ ദേഹത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എ യിൽ മൂന്ന് പോയിന്റ് വീതമായി സിറിയയും പലസ്തീനും ആദ്യ രണ്ടു സ്ഥാനങ്ങളിലും പോയിന്റ് ഒന്നും നേടാത്ത ഖത്തർ, ടുണീഷ്യ ടീമുകൾ അവസാന സ്ഥാനത്തുമാണ്.
2026 ലോകകപ്പിലേക്ക് ഖത്തർ യോഗ്യത ഉറപ്പിച്ചെങ്കിലും കുറച്ചു മത്സരങ്ങളായി സ്പാനിഷ് പരിശീലനായ ജൂലൻ ലോപെറ്റെഗിയുടെ കീഴിൽ മികച്ച പ്രകടനമല്ല ടീം കാഴ്ചവെക്കുന്നത്.



