ദോഹ – ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ആക്രമണം നടത്തിയ ഇസ്രായിലിനെതിരെ ഒറ്റക്കെട്ടായി സ്വരം കടുപ്പിച്ച് ദോഹയില്‍ ചേര്‍ന്ന അടിയന്തിര അറബ്, ഇസ്‌ലാമിക് ഉച്ചകോടി. ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണമത്തോട് പ്രതികരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന അടിയന്തിര അറബ്, ഇസ്‌ലാമിക് ഉച്ചകോടി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉദ്ഘാടനം ചെയ്തു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ജോര്‍ദാന്‍ രാജാവ്, തുര്‍ക്കി, ഇറാന്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ അടക്കം 57 അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും നേതാക്കളും പ്രധാനമന്ത്രിമാരും പങ്കെടുത്തു.
ഇസ്രായില്‍ ആക്രമത്തെ നേരിടാന്‍ ഖത്തര്‍ നിശ്ചദാര്‍ഢ്യം ചെയ്തിരിക്കുന്നതായി ഖത്തര്‍ അമീര്‍ പറഞ്ഞു. ഇസ്രായിലിന്റെ വഞ്ചനാപരമായ ആക്രമണത്തിന് ദോഹ വിധേയമായി. അത് നഗ്‌നമായ നിയമ ലംഘനമാണ്. ഖത്തര്‍ പൗരന്മാരും ലോകം മുഴുവനും ഈ ആക്രമണത്തിലും ഭീരുത്വപരമായ ഭീകരപ്രവര്‍ത്തനത്തിലും അത്ഭുതപ്പെട്ടു. ഖത്തറില്‍ നിന്നും ഈജിപ്തില്‍ നിന്നും ലഭിച്ച അമേരിക്കന്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം പഠിക്കുന്നതിനിടെയാണ് ഹമാസ് നേതാക്കള്‍ക്കെതിരെ വഞ്ചനാപരമായ ആക്രമണം നടന്നത്. ഹമാസ്, ഇസ്രായില്‍ സംഘങ്ങളെ ഖത്തര്‍ സ്വീകരിക്കാറുണ്ട്.


ഹമാസ് നേതാക്കളെ വധിക്കാനാണ് ഇസ്രായില്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇസ്രായില്‍ എന്തിനാണ് അവരുമായി ചര്‍ച്ച നടത്തുന്നതെന്ന് ഖത്തര്‍ അമീര്‍ ആരാഞ്ഞു. ഇസ്രായില്‍ ആക്രമണത്തെ നേരിടാനും അന്താരാഷ്ട്ര നിയമത്തിനുള്ളില്‍ നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഖത്തര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഇസ്രായില്‍ ഒരു ചുവപ്പുരേഖയും അംഗീകരിക്കുന്നില്ലെന്നും അറബ് സമാധാന പദ്ധതി ഇസ്രായില്‍ അംഗീകരിച്ചിരുന്നെങ്കില്‍ എണ്ണമറ്റ ദുരന്തങ്ങള്‍ ഒഴിവാക്കുമായിരുന്നെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.
ഗാസയിലെ ഉന്മൂലന യുദ്ധം അവസാനിപ്പിക്കാനും ഇസ്രായിലി ബന്ദികളെ തിരികെ കൊണ്ടുവരാനുമായി ഖത്തര്‍ രണ്ട് വര്‍ഷമായി മധ്യസ്ഥശ്രമം നടത്തുന്നുണ്ട്. ഇസ്രായിലിനെ സംബന്ധിച്ചിടത്തോളം ചര്‍ച്ചകള്‍ ഒരു യുദ്ധ തന്ത്രമാണ്. ഇസ്രായില്‍ സര്‍ക്കാരിന് ബന്ദികളെ ആവശ്യമില്ല. ഇസ്രായില്‍ സര്‍ക്കാര്‍ ജൂതകുടിയേറ്റങ്ങള്‍ വികസിപ്പിക്കാനും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ തല്‍സ്ഥിതി മാറ്റാനും യുദ്ധത്തെ മുതലെടുക്കുന്നു. അറബികളുടെ മേല്‍ തല്‍സ്ഥിതി അടിച്ചേല്‍പിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നു. അറബ് മേഖല ഇസ്രായിലിന്റെ സ്വാധീന മേഖലയായി മാറുമെന്ന് നെതന്യാഹു സ്വപ്നം കാണുന്നു. ഗാസയിലെ ഉന്മൂലന യുദ്ധം തുടരാന്‍ ഇസ്രായില്‍ പിടിവാശി കാണിക്കുന്നതായും ഖത്തര്‍ അമീര്‍ പറഞ്ഞു.
ഇസ്രായിലിന്റെ ഭീഷണി എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്നാണ് ഖത്തറിനെതിരായ ആക്രമണം വ്യക്തമാക്കുന്നതെന്ന് ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രണ്ടാമന്‍ രാജാവ് പറഞ്ഞു. ലെബനോന്റെയും സിറിയയുടെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്ന ഇസ്രായില്‍, ഗാസയിലും വെസ്റ്റ് ബാങ്കിലും അടക്കം അറബ് മേഖലയില്‍ നിയമ ലംഘനങ്ങള്‍ തുടരുകയാണ്. അന്താരാഷ്ട്ര സമൂഹം നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കാന്‍ ഇസ്രായില്‍ സര്‍ക്കാരിനെ അനുവദിച്ച ശേഷം അവരുടെ ലംഘനങ്ങള്‍ കൂടുതല്‍ വഷളായി. അറബ് സമുദായത്തിന്റെ താല്‍പ്പര്യങ്ങളും ഭാവിയും സംരക്ഷിക്കുന്നതില്‍ അറബ്-ഇസ്‌ലാമിക് ഉച്ചകോടി അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ഇസ്രായിലി ആക്രമണങ്ങളോടുള്ള ഉച്ചകോടിയുടെ പ്രതികരണം ശക്തമായിക്കണമെന്ന് ജോര്‍ദാന്‍ രാജാവ് പറഞ്ഞു. അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ പ്രതിരോധ, സൈനിക വ്യവസായം ശക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. ഖത്തറിനെതിരായ ഇസ്രായിലി ആക്രമണം എല്ലാ പരിധികളും മറികടന്നതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു.
ഉച്ചകോടിക്കു മുന്നോടിയായി ഇന്നലെ 57 അറബ്, ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള വിദേശ മന്ത്രിമാരുടെയും പ്രതിനിധികളുടെയും തയ്യാറെടുപ്പ് യോഗം നടന്നിരുന്നു. ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന ഇസ്രായിലി ആക്രമണത്തെ കുറിച്ചുള്ള കരട് പ്രസ്താവന യോഗം ചര്‍ച്ച ചെയ്തു. ഖത്തറിനെതിരായ ഇസ്രായിലി ആക്രമണവും ആക്രമണാത്മക ഇസ്രായിലി രീതികളുടെ തുടര്‍ച്ചയും സമാധാന സാധ്യതകളെ ദുര്‍ബലപ്പെടുത്തുകയും ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന ദിശയില്‍ ഇതിനകം കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കും ഭീഷണിയാകുന്നതായും അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്കു മുന്നോടിയായി വിദേശ മന്ത്രിമാര്‍ അംഗീകരിച്ച അന്തിമ കരട് പ്രസ്താവന പറഞ്ഞു. ഗാസ യുദ്ധം തടയാനുള്ള നിലവിലുള്ള ശ്രമങ്ങളെയും മധ്യസ്ഥതയെയും ദുര്‍ബലപ്പെടുത്തുകയാണ് ഖത്തറിനെതിരായ ഇസ്രായിലി ആക്രമണത്തിന്റെ ലക്ഷ്യമെന്നും കരട് പ്രസ്താവന പറഞ്ഞു.