ദോഹ– ഖത്തറും തുർക്കിയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ചർച്ച നടത്തി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. രാജ്യത്ത് സമാധാനം വളർത്തുക എന്ന ലക്ഷ്യത്തോടെ തുർക്കി നടപ്പിലാക്കിയിട്ടുള്ള പല മാറ്റങ്ങളെയും അമീർ സ്വാഗതം ചെയ്തു. പ്രത്യേകിച്ചും, കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ) നിരായുധീകരിക്കാനുള്ള കരാർ ആരംഭിക്കുന്നതിലുള്ള പ്രസിഡന്റ് ഉർദോഗന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. പ്രാദേശിക സ്ഥിരതയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് അദ്ദേഹം ഈ നീക്കത്തെ കാണുന്നത്.
ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സംഭവവികാസങ്ങള്‍ ചർച്ചയിലെ പ്രധാന വിഷയമായി. മറ്റു പ്രധാനപ്പെട്ട പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ചർച്ച ചെയ്തു. വെള്ളിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ സംസാരിച്ചത്. ആഭ്യന്തര സമാധാനം പരിപോഷിപ്പിക്കുന്നതിലും പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും തുർക്കിയുടെ ക്രിയാത്മകവും ഫലപ്രദവുമായ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.