ദോഹ – അമേരിക്കക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഖത്തർ നേരിട്ട് ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്ന് ഖത്തർ വിദേശ മന്ത്രാലയം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ഔദ്യോഗിക, അനൗദ്യോഗിക നയതന്ത്ര മാർഗങ്ങളെയും ഖത്തർ പിന്തുണക്കും. നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പ്രാദേശിക സുരക്ഷാ സംവിധാനം തകർന്നു. ഇത് ഈ സംവിധാനത്തിന്റെ സമഗ്രമായ പുനർമൂല്യനിർണയം അനിവാര്യമാക്കി. പ്രതിരോധ കരാറുകൾ പ്രതിസന്ധി ഘട്ടത്തിൽ വിജയകരമാണെന്ന് തെളിഞ്ഞു.
ഊർജ വ്യവസായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഖത്തർ തള്ളിക്കളയുന്നു. സ്വന്തം സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനാണ് ഖത്തർ നിലവിൽ ഊന്നൽ നൽകുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു നയതന്ത്ര ശ്രമങ്ങളെയും പൂർണ്ണമായി പിന്തുണക്കുന്നു. മേഖലയിലെ ഒരു അയൽരാജ്യമെന്ന നിലയിൽ ഇറാനുമായി സഹവർത്തിത്വത്തിന് ഒരു ഫോർമുല കണ്ടെത്തേണ്ടത് പ്രധാനമാണെന്നും ഖത്തർ വിദേശ മന്ത്രാലയം വ്യക്തമാക്കി.



