ദോഹ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ മുപ്പത്തിയെട്ടാം പിറന്നാളിനൊരു ‘സർപ്രൈസ്’ സമ്മാനവുമായി ഖത്തറിലെ ആരാധകൻ. ഫിലിപ്പിനോ ആർട്ടിസ്റ്റ് മൈക്കൽ കോൺജസ്റ്റ തീർത്ത ലെന്റികുലർ ചിത്രമാണ് ലോകശ്രദ്ധ പിടിച്ചു പറ്റുന്നതെന്ന് ‘ദി പെനിൻസുല’ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ 27 വർഷമായി ഖത്തറിൽ താമസക്കാരനായ കോൺജസ്റ്റ ഖത്തറിൽ തന്റെതായ കലാസൃഷ്ടികൾ കൊണ്ട് ഇടം നേടിയ വ്യക്തിത്വമാണ്. ഗ്രാഫിറ്റിയിലും മറ്റും ശ്രദ്ധേയ രചനകൾ നിർവ്വഹിച്ച ഈ കലാകാരൻ പല എക്സിബിഷനുകളിലും ജേതാവായിട്ടുമുണ്ട്.
ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി 2022 നവംബറിൽ ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവലിനിടെയാണ് കോൺജസ്റ്റ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരന്റെ ഈ കലാ രൂപം സൃഷ്ടിച്ചത്, കടുത്ത ആരാധന അതിലേക്ക് നയിച്ചു എന്നും പറയാം. ചലനത്തിനനുസരിച്ച് മാറുന്ന കൃത്യതയോടെ വിന്യസിച്ച ചിത്രം പാളികൾ ഉൾപ്പെടുന്നതിനാൽ സാങ്കേതികമായി ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിൽക്കുന്ന സ്ഥാനത്തിനനുസരിച്ച് മാറുന്ന, രണ്ട് മെസ്സിയാണ് ചിത്രത്തിൽ. ഇടതുവശത്തു നിന്ന് നോക്കുമ്പോൾ നീണ്ട മുടിയുള്ള യുവ മെസ്സിയും,എന്നാൽ വലത്തേക്ക് നീങ്ങുമ്പോൾ, ചിത്രം ഇന്നത്തെ മെസ്സിയുടെ രൂപത്തിലേക്ക് മാറുന്നു. ഖത്തർ ലോകകപ്പ് സമയത്ത് രചിച്ച ഈ ചിത്രം പല ആളുകളും കണ്ടിട്ടില്ലെന്നും,മെസ്സിയുടെ ജന്മദിനസമയം ഇതിനനുയോജ്യമാണെന്നും, ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർക്കായുള്ള സമർപ്പണമായിട്ട് താൻ ഇതിനെ കണക്കാകുകയാണെന്നും മൈക്കൽ കോൺജസ്റ്റ പറഞ്ഞു.
ലെന്റിക്കുലാർ ആർട്ട് സാധാരണ പെയിന്റിംഗ് പോലെയല്ലന്നും, ഇതിന് കൂടുതൽ സമയവും കൃത്യതയും ആവശ്യമാണെന്നും, എന്നാൽ താൻ അത്രയധികം ഇഷ്ട്ടപ്പെടുന്ന ഒരാളാകുമ്പോൾ, അത് വിയർപ്പിനെക്കാൾ രസകരമാകുമെന്നും അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. കോൺജസ്റ്റയെ സംബന്ധിച്ചിടത്തോളം, ‘എക്കാലത്തെയും മികച്ച കളിക്കാരൻ’ എന്ന പദവി ആർക്കാണ് എന്നതിൽ യാതൊരു സംശയവുമില്ല.2022 ലോകകപ്പ് ജയത്തോടെയും, എട്ടാം ബാലൻടിയോർ നേട്ടത്തോടെയും ”ഗോട്ട്” എന്ന പദവിക്ക് അർഹരായി മറ്റാരുമില്ലെന്നും അദ്ദേഹം തീർത്ത് പറയുന്നു.
ഫുട്ബോൾ ഒരു കലയാണെന്നും, അതിലെ ശ്രേഷ്ഠ കൃതിയാണ് മെസ്സിയെന്നും അദ്ദേഹം ആവേശത്തോടെ പറയുന്നു.
ദീർഘകാലമായി ഖത്തറിൽ താമസക്കാരനായ കോൺജസ്റ്റ രാജ്യത്തിന്റെ ദൃശ്യപരമായ മാറ്റങ്ങൾ നിറങ്ങളിലൂടെ ചിത്രീകരിച്ച കലാകാരനാണ്. FIFA ലോകകപ്പ് ഖത്തർ 2022 സമയത്ത് മാത്രം അദ്ദേഹം 22-ലധികം ചുമർചിത്രങ്ങൾ വരച്ചിട്ടുണ്ട്. AFC ഏഷ്യൻ കപ്പ് പോലുള്ള മറ്റനവധി പരിപാടികളിലും അദ്ദേഹം സ്റ്റേഡിയങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും നിറങ്ങളുടെയും സംസ്കാരത്തിന്റെയും മാറ്റങ്ങൾ പകർന്നുനൽകിയിട്ടുണ്ട്.
സിനാഗ് ഡിജിറ്റൽ മീഡിയയുമായി സഹകരിച്ച് കോൺജസ്റ്റ മുതിർന്നവർക്കും കുട്ടികൾക്കുമായി വർക്ക്ഷോപ്പുകൾ നടത്തുന്നു. അടുത്തിടെ അദ്ദേഹം സ്കൂൾ അവധിക്കാലത്ത് യുവ വിദ്യാർത്ഥികൾക്ക് ചാർക്കോൾ പെയിന്റിംഗ് പഠിപ്പിക്കുക്കുകയും ചെയ്തിരുന്നു.