ദോഹ – ഹമാസിന്റെ നിരായുധീകരണം പോലുള്ള ചില വിഷയങ്ങള്‍ മാറ്റിവെച്ചതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി. സമഗ്രമായ കരാറിലെത്താന്‍ ഹമാസും ഇസ്രായിലും തയാറാകാത്തതാണ് കാരണം. ഹമാസ് ഇനി ഇസ്രായിലിന് എങ്ങനെ ഭീഷണിയാകില്ലെന്ന് ചര്‍ച്ച ചെയ്യാന്‍ പ്രസ്ഥാനം തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനും ഇസ്രായിലിനും ഇടയില്‍ മധ്യസ്ഥ പങ്ക് വഹിക്കുകയും വര്‍ഷങ്ങളായി ഹമാസ് നേതൃത്വവുമായി ശക്തമായ ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഖത്തര്‍ പ്രധാനമന്ത്രി.
ഇസ്രായിലുമായി വ്യത്യസ്തമായ ഒരു ബന്ധം ചര്‍ച്ച ചെയ്യാന്‍ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെ കീഴടങ്ങലായാണ് ഹമാസ് ആദ്യം കണ്ടിരുന്നത്. ഫലസ്തീന്‍ അതോറിറ്റിക്കാണോ, അതല്ല, മറ്റേതെങ്കിലും കക്ഷിക്കാണോ ഹമാസ് ആയുധങ്ങള്‍ കൈമാറേണ്ടത് എന്നതുമായി ബന്ധപ്പെട്ടതാണ് പ്രധാന ചോദ്യം. അടുത്ത ഘട്ടം ഗാസയില്‍ അന്താരാഷ്ട്ര സേനയുടെ രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരിക്കണമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ഗാസ മുനമ്പില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനെ ഈജിപ്ത് പിന്തുണക്കുന്നതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ ആത്തി പറഞ്ഞു. പക്ഷേ, യു.എന്‍ രക്ഷാ സമിതിയില്‍ നിന്ന് ഇതിന് ഉത്തരവ് ലഭിക്കേണ്ടത് ആവശ്യമാണ്. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗാസയിലെ അന്താരാഷ്ട്ര സേനയുടെ ദൗത്യം നിര്‍ണയിക്കേണ്ടത് രക്ഷാ സമിതി ആയിരിക്കണമെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രി പറഞ്ഞു.