ദോഹ– ഏത് രാജ്യത്ത് നിന്നുള്ള യുവസംരഭകർക്കും വളരാൻ സാധിക്കുന്ന രീതിയിലുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിൽ ഖത്തർ വിജയിച്ചുവെന്ന് യങ് എന്റർപ്രണേഴ്സ് ക്ലബ് മെമ്പർഷിപ്പ് ആൻഡ് ഓർഗനൈസേഷന് മേധാവി അബ്ദുറഹിമാന്‍ താരിഖ് അല് ഇമാദി.
കായിക, യുവജന മന്ത്രാലയത്തിന് കീഴിൽ 2022 ലാണ് യങ് എന്റർപ്രണേഴ്സ് ക്ലബ് സ്ഥാപിതമായത്. ഇത്തരത്തിലുള്ള സംരംഭങ്ങളിലൂടെ ബിസിനസ്സ് ഉടമകൾക്ക് നെറ്റ്വർക്ക് ചെയ്യാനും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനും അവരുടെ സംരംഭം വിപുലീകരിക്കാനും രാജ്യം മികച്ച അവസരങ്ങൾ ഒരുക്കി കൊടുക്കുന്നു.
2023 ലോകകപ്പിന് ശേഷം വ്യക്തമായ ഒരു ദൗത്യത്തോടെയാണ് ‘വൈ ഇ സി’ ഉയർന്നുവന്നത്. പ്രാദേശിക, അന്തർദ്ദേശീയ സംരംഭകർക്ക് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ സാധിക്കുക, അവരുടെ സംരംഭത്തിന്റെ നവീകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
‘ വൈ.ഇ.സി’ ഖത്തർ ഡെവലപ്മെന്റ് ബാങ്കിന്റെയും ഖത്തർ ചേംബറിന്റെയും പിന്തുണയോടെ 16 നും 22 നും ഇടയിൽ പ്രായമുള്ളവർക്ക് വേണ്ടി
സമ്മർ ക്യാമ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മീഡിയ, ഓട്ടോമോട്ടീവ് വ്യവസായങ്ങൾ എന്നിവയുൾപ്പെടെ 50 ലധികം വാർഷിക സെഷനുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ ഖത്തറിലെ ആളുകൾക്ക് പുറമെ പ്രവാസികൾക്കും അവസരമുണ്ടായിരിക്കുന്നതാണ്. ക്ലബിന്റെ അംഗത്വം കമേർഷ്യൽ രജിസ്ട്രേഷൻ (സിആർ) ഉള്ള ബിസിനസ്സ് ഉടമകൾക്ക് മാത്രമാണെങ്കിലും പ്രോഗ്രാമുകളിൽ പങ്കെടുക്കാനുള്ള അവസരം എല്ലാവർക്കും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
16 നും 22 നും ഇടയിൽ പ്രായമുള്ള 50 മുതൽ 100 വരെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെയാണ് ‘വൈ.ഇ.സി’ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നത്.