ദോഹ– ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽ പാത നിർമ്മിക്കുന്നതിനുള്ള കരട് കരാറിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസ്സൻ അൽതാനിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് കരാറിന് അംഗീകാരം നൽകിയത്.
ജിസിസി റെയിൽവേ ശൃംഖല, ഗൾഫ് രാജ്യങ്ങൾക്കിടയിൽ വ്യാപാരം, സാമ്പത്തിക സംയോജനം, സാമൂഹിക ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്ന ഒരു പരിവർത്തന പദ്ധതിയായാണ് ജിസിസി റെയിൽ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ, യാത്രക്കാർക്ക് ആധുനികവും സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗത മാർഗം ലഭ്യമാകും. ഇത് റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വൈവിധ്യവും പ്രതിരോധശേഷിയുമുള്ള സമ്പദ്‌വ്യവസ്ഥകൾക്കായുള്ള ജിസിസിയുടെ പങ്കിട്ട ദർശനത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഖത്തർ ദേശീയ ദർശനരേഖ 2030-ന്റെ ഭാഗമായി, സാമ്പത്തിക വൈവിധ്യവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും പ്രാദേശിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ ഖത്തർ സജീവമായി പങ്കാളിയാകുന്നു.
ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങളെ ഒരു സംയോജിത റെയിൽവേ ശൃംഖലയിലൂടെ ബന്ധിപ്പിക്കാനുള്ള അഭിലാഷ പദ്ധതിയിൽ ഖത്തറിന്റെ സജീവ പങ്കാളിത്തത്തിന് വഴിയൊരുക്കുന്നതാണ് ഖത്തർ മന്ത്രിസഭയുടെ നീക്കം. ഏകദേശം 2,117 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ പദ്ധതി, കുവൈത്ത് സിറ്റിയിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യയിലെ ദമാമിലൂടെ കടന്ന്, രണ്ട് സമുദ്ര പാലങ്ങൾ വഴി ബഹ്‌റൈനിലേക്കും ഖത്തറിലേക്കും ശാഖകളായി വ്യാപിക്കും. തുടർന്ന് ഖത്തറിൽ നിന്ന് അബൂദബി വഴി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കും, ഒടുവിൽ ഒമാനിലെ മസ്‌കത്തിൽ എത്തിച്ചേരും.
അതിർത്തി കടന്നുള്ള വ്യാപാരം വർധിപ്പിക്കുകയും ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ ഗതാഗതം ഉറപ്പാക്കുകയും ചെയ്യും.ഗൾഫ് രാജ്യങ്ങൾക്കിടയിൽ എളുപ്പവും വേഗതയേറിയതുമായ യാത്ര സാധ്യമാക്കി ടൂറിസവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ് പദ്ധതി. അയൽരാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാനും പ്രാദേശിക ലോജിസ്റ്റിക്സ്, ഗതാഗത കേന്ദ്രമെന്ന നിലയിൽ സ്വന്തം സ്ഥാനം ശക്തമാക്കാനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത ഈ പദ്ധതി അടിവരയിടുന്നു.