അബുദാബി– പുതുവർഷം പിറക്കാൻ മൂന്നാഴ്ച ബാക്കിയിരിക്കെ യുഎഇയിൽ പുതുവർഷാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. രാജ്യത്തെ 18 ഇടങ്ങളിലാണ് ഇക്കുറി ആഘോഷം സംഘടിപ്പിക്കുന്നത്. കരിമരുന്നിൽ ലോക റെക്കോഡ് സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ.
സന്ദർശകർക്കും താമസക്കാർക്കുമായി ആഘോഷങ്ങൾക്കും അത്ഭുത കാഴ്ചകൾക്കും രാജ്യം വേദിയാകും. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ ആഘോഷം ഗംഭീരമാക്കും. മൂന്ന് എമിറേറ്റുകളിലും കൂടുതൽ സ്ഥലങ്ങളിൽ ആഘോഷം സംഘടിപ്പിക്കും. അബുദാബിയിൽ ഏഴ് പ്രധാന കേന്ദ്രങ്ങളിൽ ആഘോഷങ്ങളുണ്ടാകുമെങ്കിലും കോർണിഷിലെ എട്ട് കിലോമീറ്റർ നീളത്തിലുള്ള കരിമരുന്ന് പ്രയോഗം ലോക റെക്കോഡാകും. സായിദ് ഫെസ്റ്റിവൽ സിറ്റി, ലിവ ഫെസ്റ്റിവൽ, എമിറേറ്റ്സ് പാലസ്, യാസ് ഐലന്റ് എന്നിവയും അത്ഭുത കാഴ്ചകളൊരുക്കും. യുഎഇയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചറിയിക്കുന്ന അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ പുതുവർഷത്തലേന്ന് വൻതിരക്ക് അനുഭവപ്പെടും. ദുബൈയിൽ പ്രധാന ആകർഷണമായ ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയും ഡൗൺടൗൺ അടക്കമുള്ള സമീപ പ്രദേശങ്ങളിലും പുതുവർഷാഘോഷം കേമമാക്കും. ഇവിടങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യും.
വെടിക്കെട്ടിനൊപ്പം ഒട്ടേറെ സാംസ്‌കാരിക പരിപാടികളും പുതുവർഷ തലേന്ന് സംഘടിപ്പിക്കുന്നുണ്ട്. ദുബൈ ഫൗണ്ടെയ്ൻ പുനർനിർമ്മിച്ചതിനുശേഷമുള്ള ആദ്യത്തെ പുതുവർഷാഘോഷം കൂടിയാണ് ഇത്തവണത്തേത്. പാം ജുമൈര, അറ്റ്‌ലാന്റിസ്, എക്സ്പോ സിറ്റി, അൽസീഫ് തുടങ്ങിയ കേന്ദ്രങ്ങളിലും ആഘോഷങ്ങളുണ്ടാകും. ബ്ലൂവാട്ടേഴ്, ജെബിആർ, ദുബായ് ഫ്രെയിം എന്നിവിടങ്ങളും വൈവിധ്യ ആഘോഷങ്ങൾക്കായിരിക്കും സാക്ഷ്യം വഹിക്കുക. ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങളിലെ പുതുവർഷ പിറവിയുടെ സമയത്തെ അടിസ്ഥാനമാക്കിയാവും ആഘോഷങ്ങൾ. ഷാർജയിൽ അൽ ഹിറ ബീച്ച്, അൽ മജാസ് വാട്ടർഫ്രണ്ട്, ഖോർഫക്കാൻ ബീച്ച് എന്നിവയാണ് പ്രധാന വേദികൾ. അജ്മാനിൽ കോർണിഷും റാസൽ ഖൈമയിൽ അൽ മർജാൻ ഐലന്റുമാണ് പുതുവർഷോഷങ്ങൾക്കുള്ള പ്രധാന വേദികളാവുക. റാസൽഖൈമയിൽ പുതുവർഷാഘോഷത്തിന്റെ ഭാഗമായി വൻ കരിമരുന്ന് പ്രയോഗവുമുണ്ടാവും.



