ന്യൂയോര്‍ക്ക് – ഗാസയിലെ ജനങ്ങൾ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അഭയാർത്ഥികൾക്കുള്ള സംഘടനയായ യു എൻ റിലീഫ് ആൻഡ് വർക്കേഴ്സ് ഏജൻസിക്കുള്ള പിന്തുണ എല്ലാ രാജ്യങ്ങളും വര്‍ധിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി. ഈ റിലീഫ് ഏജൻസിക്ക് എതിരെയുള്ള ഇസ്രായിലിന്റെ നടപടികൾ എതിർക്കണമെന്നും അൽബുദൈവി കൂട്ടിചേർത്തു.
ഫലസ്തീനിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാഡി എന്നാണ് യുഎൻ റിലീഫ് ഏജൻസിയെ ഇദ്ദേഹം വിശേഷിപ്പിച്ചത്. ഫലസ്തീനിലെ ജനങ്ങളുടെ അവകാശത്തെ പിന്തുണക്കുന്നതിൽ ഗൾഫ് രാജ്യങ്ങൾ ഈ റിലീഫ് ഏജൻസിയുടെ കൂടെ പ്രവർത്തിക്കുന്നുണ്ടെന്നും, ഇനിയും അത് തുടരുമെന്നും അൽബുദൈവി ചൂണ്ടിക്കാട്ടി.
നിലവിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും അടക്കം തുടരുന്ന ഇസ്രായിലി ആക്രമണം ജനങ്ങളുടെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും അഭയാർത്ഥി ക്യാമ്പുകളിൽ അടക്കം ദുരിതം വഷളാക്കുന്നുണ്ടെന്നും അൽബുദൈവി അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഈ യുഎൻ സംഘടനയെ പിന്തുണക്കാൻ ലോകരാജ്യങ്ങൾ സഹായങ്ങൾ വർധിപ്പിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.