ജിദ്ദ- കഴിഞ്ഞ എട്ടു മാസത്തിനിടെ സൗദിയിൽ ആയിരത്തിലേറെ ബിനാമി ബിസിനസ് കേസുകൾ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ വർഷാദ്യം മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് ബിനാമി ബിസിനസ് പ്രവണത ചെറുക്കാനായി 13 സർക്കാർ വകുപ്പുകളുമായി സഹകരിച്ച് 34,000ത്തിലധികം സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. ഇതിനിടെ ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന 1,066 കേസുകളും വിപണി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട 77 നിയമ ലംഘനങ്ങളും കണ്ടെത്തി.
സംശയാസ്പദമായ ബിനാമി ബിസിനസ് കേസുകൾ റിപ്പോർട്ട് ചെയ്യാനും പരിശോധനാ ടീമുകളെ നയിക്കാനുമായി ബിനാമി ബിസിനസ് സൂചികയും ഇലക്ട്രോണിക് സംവിധാനവും വികസിപ്പിക്കാൻ ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം കൃത്രിമബുദ്ധി ഉപയോഗിക്കുന്നു. ബിനാമി വിരുദ്ധ നിയമം ലംഘിക്കുന്നവരുടെ പദവി ശരിയാക്കാനുള്ള നിയമാവലി പുറപ്പെടുവിച്ചിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
എട്ടു മാസത്തിനിടെ വാണിജ്യ മന്ത്രാലയ സംഘങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ 3,83,000 ലേറെ ഫീൽഡ് പരിശോധനകൾ നടത്തി. ഇക്കാലയളവിൽ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച 4,43,000 പരാതികൾ പരിഹരിച്ചു. സാങ്കേതിക തകരാറുകൾ കാരണവും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും 2,22,000 ത്തിലധികം വാഹനങ്ങളും 8,508 ഉൽപ്പന്നങ്ങളും ഉൾക്കൊള്ളുന്ന 58 തിരിച്ചുവിളിക്കൽ കാമ്പെനുകൾ ആരംഭിച്ചു. വാണിജ്യ പരാതികൾ പരിശോധിക്കാനും നിയന്ത്രണ പ്രവർത്തനങ്ങൾ നയിക്കാനും മന്ത്രാലയം കൃത്രിമബുദ്ധി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. സ്വർണ്ണം അടക്കം വിലയേറിയ ലോഹങ്ങളുടെയും രത്നങ്ങളുടെയും മേഖലയിൽ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള മേൽനോട്ടം വർധിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







