ദുബൈ– ബാങ്കിംഗ് വിശദാംശങ്ങൾ ചോർത്തി ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ദുബൈ പോലീസ്. ദുബൈ പോലീസിന്റെ ‘വഞ്ചനയെക്കുറിച്ച് ജാഗ്രത പാലിക്കുക’ എന്ന ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് ഈ പദ്ധതി ആരംഭിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ചെറിയ സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് പുതിയ ബാങ്ക് അക്കൗണ്ടുകളിലൂടെയും ഡിജിറ്റൽ വാലറ്റുകളിലൂടെയും വിശദാംശങ്ങൾ ചോർത്തി ഓൺലൈൻ തട്ടിപ്പ് നടത്തിയ രണ്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃത പണം നീക്കുന്നതിനും അതിന്റെ ഉറവിടം മറച്ചുവെക്കുന്നതിനുമായി അക്കൗണ്ടുകൾ ഉപയോഗിച്ച് പോന്നത് കാരണം ഇവരെ ട്രാക്ക് ചെയ്യാൻ പ്രയാസമായിരുന്നു.
ഇത്തരത്തിലുള്ള തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്ന് ദുബൈ പോലീസ് അറിയിച്ചു. ബാങ്കിംഗ് വിവരങ്ങൾ അനൗദ്യോഗിക സ്രോതസ്സുകളുമായി പങ്കിടരുതെന്നും പോലീസ് അഭ്യർത്ഥിച്ചു. അത്തരം പ്രവർത്തനങ്ങൾ വ്യക്തികളെ കുറ്റകൃത്യത്തിൽ പങ്കാളികളായി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഇത് ഗുരുതരമായ നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പോലീസ് എടുത്തുപറഞ്ഞു.