മസ്‌കത്ത് – ഒമാനില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സാഹസികമായി രക്ഷിച്ചു. രക്ഷാപ്രവര്‍ത്തകന്‍ കയര്‍ ഉപയോഗിച്ച് ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് ഇറങ്ങി കാറില്‍ കുടുങ്ങിയ ആളുകളുടെ സമീപമെത്തി കയര്‍ ഉപയോഗിച്ച് അവരെ ഓരോരുത്തരെയായി ഹെലികോപ്റ്ററിലേക്ക് കയറ്റുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഒമാനില്‍ രണ്ടു യുവാക്കളുടെ കാറുകള്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് മറിയുന്നതിന്റെയും ഒഴുക്കില്‍ പെടുന്നതിന്റെയും വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. യുവാക്കള്‍ തങ്ങളുടെ കാറുകള്‍ മനഃപൂര്‍വം മലവെള്ളപ്പാച്ചിലിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
മറ്റൊരു സംഭവത്തില്‍ ഒമാനിലെ വാദി മനാഹില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് മരിച്ച ഒമാനി പൗരന്റെ മൃതദേഹം കണ്ടെത്തി. മനാഹ് വിലായത്തില്‍ രാത്രിയില്‍ വാഹനം ഒഴുക്കില്‍ പെട്ട് മരിച്ച ഒമാനി പൗരന്റെ മൃതദേഹം പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.



