മസ്‌കത്ത് – വ്യാജ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ഒമാന്‍ പോലീസ്. ഹോട്ടലില്‍ വ്യാജ ജോലി ഒഴിവുകള്‍ പരസ്യപ്പെടുത്തിയാണ് ഏഷ്യന്‍ വംശജരായ സംഘം യുവതിയെ ഹോട്ടലില്‍ എത്തിച്ചത്. സ്വന്തം രാജ്യക്കാരിയായ യുവതിയെ തൊഴിലവസരം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഹോട്ടലിലെത്തിച്ച സംഘം പിന്നീട് പൊതു സദാചാരത്തിന് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് ഒമാന്‍ റോയല്‍ പോലീസ് പറഞ്ഞു.
ഒമാനില്‍ മനുഷ്യക്കടത്ത് വിരുദ്ധ നിയമം പ്രകാരം മനുഷ്യക്കടത്ത് കേസുകളിലെ കുറ്റക്കാര്‍ക്ക് കുറഞ്ഞത് മൂന്നു വര്‍ഷം തടവും 5,000 ഒമാന്‍ റിയാല്‍ പിഴയും ശിക്ഷ ലഭിക്കും. ഇത്തരം കേസുകളില്‍ പരമാവധി ശിക്ഷ 10 വര്‍ഷം തടവും ഒരു ലക്ഷം ഒമാന്‍ റിയാല്‍ പിഴയുമാണ്. ഗുരുതരമായ കേസുകളില്‍, ഏറ്റവും കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷം തടവും പരമാവധി 15 വര്‍ഷം തടവും ഏറ്റവും കുറഞ്ഞ പിഴ 10,000 ഒമാന്‍ റിയാലും പരമാവധി പിഴ ഒരു ലക്ഷം ഒമാന്‍ റിയാലും ആണ്. ഇര 18 വയസ്സിന് താഴെയുള്ളവരാകല്‍, ഒന്നിലധികം വ്യക്തികളോ സംഘടിത ക്രിമിനല്‍ സംഘമോ ഉള്‍പ്പെട്ട കുറ്റകൃത്യം, രാജ്യാന്തര സ്വഭാവമുള്ള കുറ്റകൃത്യം എന്നീ കേസുകളാണ് ഗുരുതരമായ കേസുകളായി പരിഗണിക്കുന്നത്.
വേശ്യാവൃത്തി ഉള്‍പ്പെടെ ഒരു വ്യക്തിയുടെ നിയമവിരുദ്ധ ഉപയോഗം, ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണം, നിര്‍ബന്ധിത തൊഴില്‍, അടിമത്തം, അടിമത്തം പോലുള്ള രീതികള്‍, ദാസ്യവൃത്തി, അവയവങ്ങള്‍ നിയമവിരുദ്ധമായി നീക്കം ചെയ്യല്‍ തുടങ്ങിയ എല്ലാ ചൂഷണങ്ങളും തടയുക എന്നതാണ് നിയമത്തിന് പിന്നിലെ ലക്ഷ്യം. അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ ഇരകളുടെ പരിചരണത്തിനായി നിയമം പ്രത്യേക നടപടിക്രമങ്ങളും അനുശാസിക്കുന്നുണ്ട്.



