മസ്‌കത്ത് – ഒമാനിലെ അല്‍ആമിറാത്ത് വിലായത്തിലെ അല്‍അത്കിയ പ്രദേശത്ത് ആറംഗ കുടുംബം വിഷവാതക ചോര്‍ച്ച കാരണം ശ്വാസംമുട്ടി മരിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവും ഭാര്യയും നാലു കുട്ടികളും അടങ്ങുന്ന ആറംഗ കുടുംബം മരിച്ചത്. കുടുംബത്തിന്റെ മരണത്തെ കുറിച്ച് പോലീസ് ഓപ്പറേഷന്‍സ് സെന്ററിന് അടിയന്തര കോള്‍ ലഭിക്കുകയായിരുന്നെന്ന് റോയല്‍ ഒമാന്‍ പോലീസ് എക്‌സ് അക്കൗണ്ടിലെ പ്രസ്താവനയില്‍ പറഞ്ഞു. രാത്രിയില്‍ വാതക ചോര്‍ച്ച സംഭവിച്ചതാകമെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും ഒമാന്‍ പോലീസ് പറഞ്ഞു.
നിറമില്ലാത്തതും മണമില്ലാത്തതുമായ വാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് പലപ്പോഴും തകരാറുള്ള ഹീറ്ററുകളില്‍ നിന്നും വായുസഞ്ചാരമില്ലാത്ത ഉപകരണങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് ഉയര്‍ന്ന സാന്ദ്രതയില്‍ ശ്വസിക്കുമ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിന് കാരണമാകും. ദുരന്തം ഒമാനിലുടനീളം വ്യാപകമായ ദുഃഖവും ഞെട്ടലും ഉളവാക്കി. വായുസഞ്ചാരവും ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ശരിയായ പതിവ് അറ്റകുറ്റപ്പണികൾ ഉറപ്പാക്കാന്‍ അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.



