മസ്‌കത്ത്– കഴിഞ്ഞ ദിവസം ഒമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ എട്ട് പ്രവാസികൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച ദുഖും വിലായത്ത് ഹൈവേയിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 8 ബംഗ്ലാദേശ് തൊഴിലാളികൾ കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം നൽകാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും മസ്‌കത്തിലെ ബംഗ്ലാദേശ് എംബസി നേതൃത്വം നൽകും. മത്സ്യബന്ധ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 9 യാത്രക്കാരാണ് മിനിബസിൽ ഉണ്ടായിരുന്നത്. 8 പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
ഗുരുതമായ പരുക്കേറ്റ ഡ്രൈവറെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്യേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിനു ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഏഷ്യക്കാരനായ യുവാവിനെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി നിരവധി സന്നദ്ധ സംഘടനകളാണ് രംഗത്തെത്തിയത്.