മസ്കത്ത്– ”ഗ്രെയ്റ്റർ ഇസ്രായേൽ’ പദ്ധതിയുമായി തനിക്ക് ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിനെ അപലപിച്ച് ഒമാൻ. അന്താരാഷ്ട്ര നിയമങ്ങളെയും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെയും ലംഘിക്കുന്ന ഇസ്രായേലിന്റെ വിപുലീകരണ പദ്ധതികളെ ഒമാൻ ശക്തമായി എതിർത്തു. വെസ്റ്റ് ബാങ്കും ഗാസ മുനമ്പും ഉൾപ്പെടെ തലസ്ഥാനമായ കിഴക്കൻ ജറുസലേമിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിനെ ഒമാൻ പിന്തുണയ്ക്കുകയും ചെയ്തു.
ഇസ്രായേൽ നടപടി പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ശത്രുത വർധിപ്പിക്കുമെന്നും ഒമാൻ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്‌ചയാണ് നെതന്യാഹു തനിക്ക് ‘ഗ്രെയ്റ്റർ ഇസ്രായേൽ’ ആശയവുമായി ബന്ധമുണ്ടെന്ന് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇന്നത്തെ ജോർദാൻ, ലെബനൻ, സിറിയ, ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപടമാണ് ഗ്രെയ്റ്റർ ഇസ്രേയൽ മുന്നോട്ട് വെക്കുന്ന പ്രധാന വാദം. ബൈബിളിലും സയണിസ്റ്റ് ചരിത്രത്തിലുമുള്ള വിവരണങ്ങൾക്കനുസൃതമായി വിപുലീകരിച്ച ഇസ്രായേലിനെയാണ് ‘ഗ്രേറ്റർ ഇസ്രായേൽ’ എന്ന് വിശേഷിപ്പിക്കുന്നത്.